ഹോര്‍ട്ടികള്‍ച്ചറിലേക്കും വിയ്യൂര്‍ ജയിലിലേക്കും നല്‍കാനായി കൃഷിചെയ്തത്
കൊടകര: മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, കടമ്പോട് ദേശത്ത് ഒരുകൂട്ടം കർഷകരുടെ ജൈവക്കൃഷികൾ കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചു. 400ൽ ഏറെ കർഷകർ 200 ഓളം ഏക്കർ സ്ഥലത്തായി ചെയ്ത വിവിധ കൃഷികളാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ജലസേചനം നടത്തി വളർത്തുന്ന കപ്പ, കണ്ടിച്ചേമ്പ്, ചേന, വാഴ തുടങ്ങിയവയാണ് കഴിഞ്ഞ രാത്രിയിൽ കാട്ടുപന്നികൾ കുത്തിമറിച്ചിട്ടത്. ഈ കൃഷികളെല്ലാം രാസവളം ഉപയോഗിക്കാതെ ജൈവവളം ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്.
കമ്പിവേലി കെട്ടി സംരക്ഷിച്ച പ്രദേശങ്ങളിൽ കോടശ്ശേരി മലയിൽ നിന്നിറങ്ങുന്ന പന്നിക്കൂട്ടമാണ് കൃഷിനശിപ്പിക്കുന്നത്. മിഥുനത്തിലും കർക്കടകത്തിലും വിളവെടുക്കുന്ന കൃഷികളാണിവ. മറ്റത്തൂർ കെ.എച്ച്.ഡി.പി വഴി തൃശൂർ, എറണാകുളം ജില്ലകളിലും സർക്കാരിന്റെ ഹോർട്ടികൾച്ചറിലേക്കും വിയ്യൂർ ജയിലിലെ ഭക്ഷണശാലയിലേക്കും എത്തിക്കുന്നതാണിവ. എല്ലാ കർഷകരും ഒരുമിച്ച് വിളവെടുക്കുന്നതുകൊണ്ട് കർഷകർക്ക് നാമമാത്രമായ ലാഭമേ ലഭിക്കാറുള്ളു.
പന്നികൾ മനുഷ്യരെ ആക്രമിക്കുന്നതിനാൽ രാത്രികാലങ്ങളിൽ കൃഷിയിടങ്ങളിലേക്ക് പോകാറില്ലെന്ന് കർഷകർ പറയുന്നു. കാട്ടുപന്നികളുടെ ശല്യം തടയുന്നതിന് വനംവകുപ്പിന്റെ യാതൊരു ഇടപെടലും ഉണ്ടാവാത്തതിൽ കർഷകർ നിരാശയിലാണ്. കാട്ടുപന്നികളുടെ ശല്യം വർദ്ധിച്ചതിനാൽ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്. കൃഷി സംരക്ഷണത്തിനായി കൃഷി വകുപ്പിന്റെയും ഉത്പാദനം വാങ്ങുന്ന ഉപഭോക്താക്കളുടേയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും വലിയ സഹകരണം കർഷകർ ആവശ്യപ്പെടുന്നുണ്ട്.
വന്യജീവികളാൽ ഉണ്ടാകുന്ന കൃഷിനാശം തടയുന്നതിന് ഉടൻ പരിഹാരം കാണണം. അല്ലാത്തപക്ഷം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ.
- തയ്യിൽ കുമാരൻ (കർഷകൻ)