മാള: ലോക്ക് ഡൗൺ പ്രഖ്യാപനത്തിനിടെ മൃഗസംരക്ഷണവും ക്ഷീര വികസനവും അവശ്യ സർവീസ് ആയി ഉത്തരവിറങ്ങി. ക്ഷീര വികസനത്തിലും മൃഗപരിപാലനത്തിനും ഉണ്ടാകുന്ന വിലക്കുകൾ അനേകം മനുഷ്യരെയും മൃഗങ്ങളെയും നേരിട്ട് ബാധിക്കുമെന്നതിനാലും പാൽ ഉത്പാദനവും വിതരണവും ഒഴിവാക്കാൻ കഴിയാത്തതിനാലുമാണ് ഈ നീക്കം. അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ്‌കുമാർ സിംഗ് ഇന്നലെ ഇറക്കിയ ഉത്തരവോടെ ഈ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി. ഈ ഉത്തരവ് വന്നതോടെ പാലിന്റെ മൊത്ത സംഭരണവും വിതരണവും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. കൂടാതെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഉത്തരവിൽ വെറ്ററിനറി ആശുപത്രികളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇന്നലെ വരെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ക്ഷീര മേഖലയും ഉൾപ്പെട്ടിരുന്നു. പാൽ മൊത്ത ശേഖരണത്തിനും വിതരണത്തിനും കടുത്ത നിയന്ത്രണവും ഉണ്ടായിരുന്നു. ക്ഷീര സംഘങ്ങളും ഇതനുസരിച്ചുള്ള നിയന്ത്രണം കൊണ്ടുവന്നതോടെ ക്ഷീര കർഷകരും ഉപഭോക്താക്കളും വിഷമത്തിലായിരുന്നു. ഈ മേഖലയ്ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഇന്നലെ പുറത്തിറക്കിയ ഉത്തരവ്.