വടക്കേക്കാട്: വിളവെടുപ്പ് കഴിഞ്ഞ നെല്ലുകൾ പാടശേഖരങ്ങളിൽ കെട്ടികിടക്കുന്നത് കർഷകരെ വലയ്ക്കുന്നു. മൂക്കഞ്ചേരി പാടം, കടാംമ്പുള്ളിപ്പാടം, അൽത്തേരി കുഴി എന്നീ കുട്ടനാടൻ പാടശേഖരങ്ങളിൽ കൃഷിയിറക്കിയ കർഷകരാണ് വിളവെടുപ്പ് കഴിഞ്ഞു നെല്ലുകൾ കയറ്റി കൊണ്ടു പോകാൻ കഴിയാതെ കഷ്ടത്തിൽ ആയിരിക്കുന്നത്.
അറുപതോളം ഏക്കർ പാടശേഖരങ്ങളിലെ നെല്ലുകളാണ് ചാക്കിലാക്കിയും മൂടിയിട്ടും കൊയ്ത്തു കഴിഞ്ഞ സ്ഥലങ്ങളിൽ തന്നെ കിടക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഏക്കർ സ്ഥലങ്ങളിൽ വിളവെടുപ്പ് നടക്കാനിരിക്കുകയാണ്. സപ്ലൈകോ ഏൽപ്പിച്ച ഏജൻസികളാണ് നെല്ല് കൊണ്ടുപോകാറുള്ളത്. ഇവർ കൊണ്ടുപോകാൻ വൈകുന്നതാണ് കർഷകരുടെ ആധി കൂട്ടുന്നത്. സുരക്ഷിതമായി മറ്റൊരിടത്ത് നെല്ലുകൾ സൂക്ഷിക്കാൻ ഇരട്ടി ചെലവാണ്. ലോറികൾ ഇടുങ്ങിയ വഴികളിലേക്ക് കടക്കാൻ കഴിയാത്തതും ഏറെ ബുദ്ധിമുട്ടാണ് കർഷകർക്ക് നൽകുന്നത്. ചാക്കിൽ ഈർപ്പം ഉണ്ടായാൽ നെല്ലുകൾ മുളക്കുകയും ഈർപ്പമുള്ള നെല്ലുകൾ കമ്പനിക്കാർ ശേഖരിക്കാൻ മടി കാണിക്കുന്നതും ഏറെ നഷ്ടമാണ് കർഷകർക്ക് വരുത്തിവെയ്ക്കുക. നെല്ലുകൾ ശേഖരിക്കാൻ സപ്ലൈകോ ഉടൻ എത്തണമെന്നും അതിനുവേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും കർഷകർ പറയുന്നു.