thermal-meter
ഇൻഫ്ര റെഡ് തെർമൽ മീറ്റർ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി തുടങ്ങിയവർക്ക് നൽകുന്നു.

ചാവക്കാട്: കടപ്പുറം പഞ്ചായത്തിൽ വിദേശത്ത് നിന്നും ഇൻഫ്ര റെഡ് തെർമൽ മീറ്റർ എത്തിച്ചു. കടപ്പുറം പഞ്ചായത്തിൽ വട്ടേക്കാട് പ്രവർത്തിക്കുന്ന നാട്ടുവേദി സാംസ്‌കാരിക നിലയത്തിന്റെ പ്രവർത്തകരാണ് ഇത് വിദേശത്തു നിന്നും എത്തിച്ചത്. കൊറോണ വൈറസ് നിർണയത്തിന്റെ പ്രാരംഭ ടെസ്റ്റിംഗ് സമയത്ത് ആരോഗ്യ പ്രവർത്തകർക്ക് രോഗികളുമായി അടുത്ത് ഇടപഴകാതെ ടെമ്പറേച്ചർ ചെക്ക് ചെയ്യുന്നതിന് ഇത് ഉപകാരപ്പെടും. മുൻപ് സുലഭമായി ലഭിച്ചിരുന്ന ഈ ഉപകരണം ഇപ്പോൾ അഞ്ചിരട്ടി വിലക്ക് പോലും കേരളത്തിലും ഓൺലൈനിലും ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുവേദി ദുബായ് കമ്മിറ്റി മണിക്കൂറുകൾക്കുള്ളിൽ കോഴിക്കോട് എയർ പോർട്ട് വഴി ഇത് കണ്ണൂരിലെത്തിച്ചത്. അവിടെ നിന്നും കടപ്പുറം ആരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെയാണ് കടപ്പുറം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിച്ചത്.

ചടങ്ങിൽ ക്ലബ് പ്രസിഡന്റ് കിച്ചു മുസ്തഫ, വൈസ് പ്രസിഡന്റ് ആർ.എസ്. ഇസ്മായിൽ, പ്രവാസി പ്രതിനിധികളായ ഇ.വി. ബഷീർ, ആർ.എൻ. ഫൈസൽ എന്നിവർ ചേർന്ന് കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉമ്മർകുഞ്ഞി, കടപ്പുറം ഹെൽത്ത് സെന്റർ സൂപ്രണ്ട് ഡോ. ശ്രീകല, പി.എം. മുജീബ്, ഹെൽത്ത് സൂപ്പർവൈസർ കെ.കെ. ഹുസൈൻ എന്നിവർക്ക് നൽകി.