കൊടുങ്ങല്ലൂർ: സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ നഗരസഭയിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ അവലോകന യോഗം വിളിച്ചു. നഗരസഭാ പ്രദേശത്ത് ഇപ്പോൾ 324 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. അവശ്യ സാധനം വിൽക്കുന്ന കടകൾ സമയക്രമം കർശനമായി പാലിക്കാൻ ആവശ്യപ്പെട്ടു.
പൊലീസിൻ്റെ നിരീക്ഷണം കർശനമാക്കണം. എല്ലാവരും വലിയ അളവിൽ അരിയും മറ്റ് സാധനങ്ങളും വാങ്ങി സ്റ്റോക്ക് ചെയ്ത് ക്ഷാമമുണ്ടാക്കരുത്. കടകളിൽ ആൾക്കൂട്ടമുണ്ടാക്കാതെ നിയന്ത്രണം ഏർപ്പെടുത്തണം. അമിത വില ഈടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷണം എത്തിച്ച് നൽകണം. മാസ്ക്ക്, സാനിറ്റൈസർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പുവരുത്തണമെന്നും ഇവ നിർമ്മിക്കുന്നതിനാവശ്യമായ സ്പിരിറ്റ് എക്സൈസ് വകുപ്പിൽ നിന്ന് ലഭ്യമാക്കുവാൻ നടപടിയെടുക്കുവാനും യോഗം തീരുമാനിച്ചു. എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നഗരസഭയിൽ നടപ്പിലാക്കിയ പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ചെയർമാൻ കെ.ആർ ജൈത്രൻ വിശദീകരിച്ചു. വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എസ് കൈസാബ്, സി.കെ രാമനാഥൻ, നരസഭ സെക്രട്ടറി ടി.കെ സുജിത്, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ്, ഡോ. ഗായത്രി, എസ്.ഐ ബസന്ത് എന്നിവർ പങ്കെടുത്തു.