തൃശൂർ: പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന് സഹായവുമായി പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഗരുഡ. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗരുഡ ഹോട്ടൽ ആൻഡ് റിസോർട്ട്‌സ് 45 മുറികൾ ഉൾക്കൊളളുന്ന ഹോട്ടൽ സമുച്ചയം തന്നെ വിട്ട് നൽകിയാണ് പ്രതിരോധത്തിൽ പങ്കാളിയായത്. കുറുപ്പം റോഡിൽ സ്ഥിതി ചെയ്യുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ഹോട്ടൽ സമുച്ചയം കൊറോണ കെയർ സെന്ററുകൾ ഒരുക്കുന്നതിനും ആളുകളെ താമസിപ്പിക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി മൊയ്തീന് ഹോട്ടൽ ഉടമകൾ സമ്മതപത്രം കൈമാറി. ഗരുഡ ഹോട്ടൽ ആൻഡ് റിസോർട്ട്‌സ് എം.ഡി ഗിരിജാവല്ലഭന്റെ നിർദ്ദേശപ്രകാരം കോർപറേറ്റ് ജനറൽ മാനേജർ സി. രാമനുണ്ണി, ബിസിനസ് എ.ജി.എം പി. ആർ രാഹുൽ, റൂം ഡിവിഷൻ എ.ജി.എം ചാർലി ചുങ്കത്ത്, ഫിനാൻസ് എ.ജി.എം ഫ്രാങ്കോ എന്നിവർ ചേർന്നാണ് സമ്മതപത്രം കൈമാറിയത്. ജില്ലാ കളക്ടർ എസ്. ഷാനവാസ് പങ്കെടുത്തു.