തൃശൂർ: തെരുവിൽ കഴിയുന്നവർക്ക് ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിലും താമസസൗകര്യം ഒരുക്കുന്നു. കഴിഞ്ഞദിവസം മോഡൽ ബോയ്‌സ് സ്‌കൂളിലെ പത്തിലധികം വരുന്ന ക്ലാസ് മുറികൾ കോർപറേഷന്റെയും ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ വൃത്തിയാക്കി താമസസൗകര്യമൊരുക്കിയിരുന്നു. ഇതിന് പുറമെയാണ് മോഡൽ ഗേൾസിലും താമസ സൗകര്യം ഒരുക്കുന്നത്.
പൊലീസിന്റെ രണ്ടു വണ്ടികളിലും പിങ്ക് പൊലീസും ചേർന്ന് 185 തെരുവിൽ കഴിഞ്ഞവരെയാണ് മോഡൽ ബോയ്‌സ് സ്‌കൂളിൽ എത്തിച്ചത്. ഡി.എം. ഓയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വിഭാഗവും കോർപറേഷൻ ആരോഗ്യവിഭാഗവും പരിശോധന നടത്തി ബോധ്യപ്പെട്ടതാണ് അഗതികൾക്ക് പ്രവേശനം നൽകിയത്.
കൂടുതൽ ആളുകൾ വന്നെത്തുന്ന സാഹചര്യത്തിലാണ് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്‌കൂളിലും താമസസൗകര്യം ഒരുക്കുന്നത്.
അഭയകേന്ദ്രത്തിൽ എത്തുന്നതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ഒരു ക്ലാസ് മുറിയിൽ അഞ്ച് പേർക്കാണ് താമസ സൗകര്യം ഒരുങ്ങുന്നത്. മൂന്നുനേരവും പൊതിച്ചോറ് ഇവർക്ക് നൽകുന്നുണ്ട്. പായയും കിടക്കയും തലയിണയും നൽകുന്നുണ്ട്. ഓരോ സ്‌കൂളിലും 250 പേർക്കാണ് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നത്. കൂടുതൽ ആളുകളെ കൊണ്ടു വരുന്ന സാഹചര്യത്തിനനുസരിച്ച് കൂടുതൽ സ്ഥലങ്ങൾ അഭയ കേന്ദ്രമാക്കി മാറ്റുമെന്ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് പറഞ്ഞു. ദിവസവും ഡോക്ടർമാർ പരിശോധന നടത്തുകയും പൊലീസ് അവർക്ക് സുരക്ഷിതത്വം ഒരുക്കുകയും ചെയ്യുന്നുണ്ട്.