കൊടുങ്ങല്ലൂർ: ലോക്ക് ഡൗണിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള കമ്യൂണിറ്റി കിച്ചൻ പദ്ധതിയുടെ മതിലകം പഞ്ചായത്തിലെ നടത്തിപ്പിന് പാപ്പിനിവട്ടം സർവ്വീസ് സഹകരണ ബാങ്ക് സ്പോൺസറാകും. പഞ്ചായത്ത് പ്രദേശത്തെ വീടുകളിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ആരോഗ്യപരമായും സാമ്പത്തികമായും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാവർക്കും ഭക്ഷണമെത്തിക്കുന്നതിനാണ് മതിലകം പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചൺ നടപ്പിലാക്കുന്നത്.
പദ്ധതിക്കാവശ്യമായ മുഴുവൻ തുകയും നൽകുന്നത് സംബന്ധിച്ച ധാരണാ പത്രം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ.കെ ബിജു പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി സുരേന്ദ്രന് കൈമാറി. ബാങ്ക് വൈസ് പ്രസിഡന്റ് ഗീത പ്രസാദ്, സെക്രട്ടറി ടി.ബി ജിനി, ടെക്നിക്കൽ ഡയറക്ടർ ആർ.എ മുരുകേശൻ, പഞ്ചായത്ത് സെക്രട്ടറി പി.വി സാബു എന്നിവർ സംബന്ധിച്ചു