തൃശൂർ : മദ്യം ലഭിക്കാതായതോടെ മദ്യത്തിന് അടിമകളായവരിൽ മാനസികാസ്വാസ്ഥ്യം ഉള്ളവരുടെ എണ്ണം കൂടി വരുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ കുന്നംകുളത്ത് മദ്യം ലഭിക്കാതെ വന്നതോടെ യുവാവ് തൂങ്ങി മരിച്ചതോടെ ഇത്തരക്കാരെ ശ്രദ്ധിക്കാൻ സർക്കാർ തലത്തിൽ തന്നെ സംവിധാനം ഏർപ്പെടുത്തി.
പുതിയ മദ്യം എത്തുന്നതിന് സമയം ഇനിയും വേണം. സാഹചര്യം ഉപയോഗപ്പെടുത്താൻ വാഷ് കലക്കി വച്ചിട്ടുണ്ടോ എന്ന പരിശോധന കർശനമാണ്. ഒപ്പം സ്പിരിറ്റ് കടത്ത് സംബന്ധിച്ചും പരിശോധന നടത്തും. കർശന പരിശോധനയാണ് ജില്ലയിൽ നടക്കുന്നത്. ബിവറേജുകളിൽ നിന്നും ഇതര സ്രോതസുകളിൽ നിന്നും നേരത്തെ വാങ്ങിവെച്ച് അമിത വിലയിൽ മദ്യം വിൽക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടുള്ള പരിശോധനയും നടക്കുന്നുണ്ട്.
സ്ഥിരം അബ്കാരി കുറ്റവാളികൾ നിരീക്ഷണത്തിലാണ്. 13 റേഞ്ചുകളിലും അഞ്ചു സർക്കിളുകളിലുമായി അന്വേഷണം വ്യാപിച്ചിട്ടുണ്ട്.
............
മദ്യത്തിന് അടിമപ്പെട്ടവർക്ക് അത് ഉടനടി നിറുത്താനാകില്ല. അവരെ പതുക്കെ പതുക്കെ ഇതിൽ നിന്ന് മുക്തരാക്കാനേ സാധിക്കൂ. ഒരു സുപ്രഭാതത്തിൽ ലഹരി വിമുക്തകേന്ദ്രത്തിൽ കൊണ്ടുവന്ന് അവർക്ക് മരുന്ന് നൽകിയാൽ ഇതിൽ നിന്ന് അവർക്ക് മുക്തിനേടാനാകില്ല. ഇതിന് ഏറ്റവും ചുരുങ്ങിയത് 21 ദിവസമെങ്കിലും വേണ്ടി വരും.
(ഡോ. ജോൺസ്, പൂമല പുനർജനി ലഹരി വിമുക്തകേന്ദ്രം)
........
മാനസികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ ഇത്തരക്കാരെ ചികിത്സിക്കുന്നതിന് പ്രത്യേക സെന്റർ പ്രവർത്തിക്കുന്നുണ്ട്. മദ്യം ലഭിക്കാതെ വരുമ്പോൾ ചിലർക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ള അപസ്മാരം, അക്രമാസക്തരാവുക എന്നിവയ്ക്ക് ഇവിടെ ചികിത്സ നൽകും. ഫോൺ. 9446229421.
ഡോ. കെ.പി. തോമസ് , ജില്ലാ മാനസികാരോഗ്യ കേന്ദ്രം സിനീയർ കൺസൾട്ടന്റ്
........................
നിലവിലെ സാഹചര്യത്തിൽ മദ്യം ലഭിക്കാതെ അസ്വസ്ഥത പ്രകടിപ്പിക്കുന്നവർക്ക് ആവശ്യമായ കൗൺസലിംഗ് ഉൾപ്പടെയുള്ള സഹായം വിമുക്തിയിൽ നിന്ന് ലഭിക്കും
വി. സലില കുമാർ, എക്‌സൈസ് ഇൻസ്‌പെക്ടർ , ഇരിങ്ങാലക്കുട