തൃശൂർ :ലോക് ഡൗണിൽ ജനം പുറത്തിറങ്ങുമ്പോൾ ഏറെ ദുരിതത്തിലാകുന്നത് പൊലീസ്. വാഹന പരിശോധന മുതൽ സത്യവാങ്മൂലം നോക്കൽ വരെയാണ് ചുമതല. ഗ്ലൗസും മാസ്‌കും അടക്ക് ധരിച്ച് വിവിധ മുൻകരുതൽ നിർദ്ദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നെതങ്കിലും പുറത്ത് ഇറങ്ങി നടക്കുന്നവരുടെ അവസ്ഥ എന്താണെന്ന് അറിയാത്ത സാഹചര്യമാണ്. കൂട്ടമായി എത്തുന്നവരെ നിർദ്ദേശമനുസരിച്ച് ഒരു മീറ്റർ അകലത്തിൽ ശാസ്ത്രീയമായി നിറുത്തി പരിശോധിക്കാനാകാത്ത അവസ്ഥയുണ്ട്.
കച്ചവട സ്ഥാപനങ്ങളിലെത്തുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടുന്നതിന് അടക്കം വലിയ സാഹസമാണ് നടത്തുന്നത്. പുറത്തിറങ്ങി വരുന്നവരുടെ സത്യവാങ്മൂലം പരിശോധന കുഴപ്പിക്കുന്ന സംഗതിയാണ്. വിവിധ ആളുകളുടെ കൈകളിലൂടെ കടന്നുപോകുന്ന കടലാസ് വാങ്ങി പരിശോധിക്കരുതെന്നാണ് നിർദ്ദേശം. എന്നാൽ പലരും കൈകളിൽ തന്നുപോകുന്ന സഹാചര്യമുണ്ട്. ഇത് ഒപ്പിട്ടു വാങ്ങണമെന്ന് കരുതി നിരവധി ആളുകളാണ് പൊലീസ് സ്റ്റേഷനിൽ പ്രതിദിനം എത്തുന്നത്. ഇതെല്ലാം പൊലീസുകാരുടെ ആരോഗ്യ സുരക്ഷയെ ബാധിക്കും.
കറങ്ങി നടക്കുന്നവരെ പിടിച്ചു കൊണ്ടു സ്റ്റേഷനിൽ എത്തിക്കുന്നതിന് ജീപ്പിൽ കയറ്റി കൊണ്ടുപോകുന്നതിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനാവുന്നില്ല. ഒന്നോ രണ്ടോ ആളുകളെ മാത്രമായി ജീപ്പിൽ കൊണ്ടു പോകുന്നതിന് നിലവിലെ സാഹചര്യത്തിൽ സാദ്ധ്യമല്ല. ഒന്നിച്ചിരുത്തി കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഇതെല്ലാം ആരോഗ്യ പ്രശ്‌നങ്ങളായി നിലനിൽക്കുമ്പോഴാണ് കർശന നടപടിയുമായി ജനത്തെ വീട്ടിലിരുത്താൻ പൊലീസ് പാടുപെടുന്നത്.