മാള: ലോക് ഡൗണിൽ വീട്ടിലിരിക്കുന്നവർക്ക് നേരമ്പോക്കിന് മാത്രമല്ല ആരോഗ്യത്തിനും നല്ല ഭക്ഷണത്തിനും അൽപ്പം കൃഷി പ്രയോജനപ്പെടും.പക്ഷേ എന്ത് കൃഷി ചെയ്യണമെന്ന കാര്യത്തിൽ നിശ്ചയമില്ല. വിഷമില്ലാത്ത പച്ചക്കറികൾ നമ്മുടെ ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പ്രയോജനപ്പെടും. വീട്ടിലിരുന്ന് അടുക്കളത്തോട്ടത്തിൽ നന്നായി കൃഷി ചെയ്യാവുന്ന ഒരിനമാണ് വെണ്ട. വെണ്ട കൃഷി എങ്ങനെ ചെയ്യാമെന്ന് സംസ്ഥാന കൃഷി വകുപ്പിന്റെ അവാർഡ് ലഭിച്ച അഷ്ടമിച്ചിറ സ്വദേശി കെ.എസ് സിനോജ് വിവരിക്കുന്നു:
ആദ്യമായി നന്നായി മണ്ണിളക്കി തടങ്ങളോ, വാരങ്ങളോ ഉണ്ടാക്കുക. അതിൽ കോഴിക്കാഷ്ഠം, ചാണകപ്പൊടി എന്നിവ ചേർക്കുക. അതിനു മുകളിൽ വെണ്ട വിത്തിട്ട് വീണ്ടും മണ്ണിടുക. 30 മുതൽ 40 സെന്റീമീറ്റർ അകലത്തിലായിരിക്കണം ചെടികൾ. നാല് ദിവസം കൊണ്ട് വിത്ത് മുളക്കും. മുളക്കുന്നത് വരെ മണ്ണിനു നനവ് നിലനിറുത്തണം. മുളച്ച് ചെടിയായി ഇലകളായാൽ രണ്ടാഴ്ചയിലൊരിക്കൽ ജൈവ വളം നേരത്തെ നൽകിയത് പോലെ നൽകണം. ഒന്നിടവിട്ട ദിവസങ്ങളിൽ നനയും വേണം. സൂര്യപ്രകാശം ഉള്ള സ്ഥലത്താകണം കൃഷി. ചീരയും ഒരു മാസത്തിനുള്ളിൽ നട്ട് വിളവെടുക്കാം.
വിളവെടുപ്പ്:
നല്ല പരിചരണം ലഭിച്ചാൽ രണ്ട് ലോക് ഡൗൺ പിരീഡ് കഴിഞ്ഞാൽ (42 ദിവസം) വിളവെടുക്കാം. ഒരു ഹൈബ്രീഡ് ചെടിയിൽ നിന്ന് നൂറ് കായ വരെ ലഭിക്കും. 90 ദിവസം വരെ വിളവെടുക്കാം. ആനക്കൊമ്പൻ നാടൻ ഇനത്തിന് വിളവ് കുറയുമെങ്കിലും രണ്ട് വർഷം വരെ വിളവെടുക്കാം. ഹൈബ്രിഡ് വിത്തിന് ഒരേക്കർ സ്ഥലത്തിന് പത്ത് ടൺ വരെ വിളവെടുക്കാം.
ഇന്നത്തെ വില: കടകളിൽ വിൽക്കുന്നത് ശരാശരി 60 മുതൽ 70 രൂപ വരെ.
ഗുണം: മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറ. ചെറിയ ഇനം സാമ്പാർ വെണ്ട മുതൽ അര മീറ്റർ നീളം വരുന്ന തനത് ഇനമായ ആനക്കൊമ്പൻ വരെയുണ്ട്. മറ്റിനങ്ങൾ (സങ്കരം) സുസ്ഥിര, സൽക്കീർത്തി, കിരൺ, അരുണ, സി.ഓ.1, അർക്ക, അനാമിക, വർഷ, ഉപഹാർ, അഞ്ജിത.
രോഗങ്ങൾ: മൊസേക്ക് രോഗം. രോഗമുള്ള ചെടി പിഴുതെടുത്ത് കത്തിച്ചുകളയണം.
വേപ്പെണ്ണ വെളുത്തുള്ളി ചേർത്ത മിശ്രിതം. അടിവളമായി വേപ്പിൻ പിണ്ണാക്കും മേൽവളമായി ഗോമൂത്രവും നേർപ്പിച്ച് നൽകാം.
ബോണസ്: വെണ്ട വിളവെടുത്ത് പകുതിയിലധികം കഴിഞ്ഞാൽ കടയോട് ചേർത്ത് നാടൻ പയറിടാം. വെണ്ട വിളവ് കഴിയുമ്പോഴേക്കും പയർ ചെടി പടർത്താം. വെണ്ടയുടെ ഇലകൾ വീണ വളവും പയറിനു ലഭിക്കും. വെണ്ട വിളവെടുത്ത് കഴിഞ്ഞാൽ നല്ല പയറും ലഭിക്കും.