local

തൃശൂർ: ദീർഘകാലമായി മദ്യപിക്കുന്നവർ പെട്ടെന്ന് മദ്യം നിറുത്തുമ്പോൾ ഒരേ സമയം രണ്ട് തരം അതിശക്തമായ ആത്മഹത്യാ പ്രവണതയ്ക്ക് വഴിയൊരുങ്ങുമെന്ന് മനോരോഗവിദഗ്ദ്ധർ. മദ്യം കിട്ടാതാകുമ്പോൾ വിഷാദത്തിന് അടിപ്പെടും. മദ്യപരിൽ പൊതുവെയുളള ആത്മഹത്യാ പ്രവണത കൂടും. ഒരേ സമയം രണ്ട് മാനസിക പ്രശ്നങ്ങളും പത്തോ പതിനഞ്ചോ മിനിറ്റുകൾക്കുള്ളിൽ മദ്യപരിൽ ആത്മഹത്യ ചെയ്യാനുളള പ്രേരണ ശക്തമാക്കും.

മദ്യം ലഭ്യമാകാതിരിക്കുമ്പോൾ, തലച്ചോറിലെ നാഡീകോശങ്ങൾക്കിടയിലെ വിവരങ്ങൾ സ്വീകരിക്കുന്ന സംവിധാനത്തിന്റെ (ന്യൂറോൺ റെസപ്റ്ററുകൾ) പ്രതികരണശേഷി കുറഞ്ഞ്, അസന്തുലിതാവസ്ഥയിലെത്തിക്കും. ഇത് നാഡികൾക്കിടയിലെ വിവരം കൈമാറാനുള്ള (ന്യൂറോ ട്രാൻസ്മിറ്ററുകളുടെ) ശേഷിയെയും ബാധിക്കും. ഇത് അമിത ക്ഷോഭത്തിലേക്കും അസ്വസ്ഥത, വിറയൽ, സന്നി തുടങ്ങിയ വിടുതൽ ലക്ഷണങ്ങളിലേക്കും നയിക്കും..

ഒരു വ്യക്തി എത്രകാലമായി മദ്യപിക്കുന്നു എന്നതിനെയും എത്രത്തോളം മദ്യപിക്കുന്നു എന്നതിനെയും അടിസ്ഥാനമാക്കിയായിരിക്കും ഈ ലക്ഷണങ്ങളുടെ സ്വഭാവവും രൂക്ഷതയും. മദ്യപാനം നിറുത്തി മണിക്കൂറുകൾക്ക് ശേഷവും അല്ലെങ്കിൽ മദ്യ ഉപഭോഗത്തിന്റെ അളവ് കുറയ്ക്കുന്ന അവസരത്തിലും ഇതിന്റെ ലക്ഷണം പ്രകടമാകും.

കൗൺസലിംഗും മരുന്നും പ്രധാനം

കൗൺസലിംഗും മരുന്നും ഒരു പോലെ പ്രധാനമാണ്. ഫാമിലി തെറാപ്പിയും അനുയോജ്യമായ പുനരധിവാസവും വേണ്ടി വരും. ആദ്യത്തെ സംഘർഷ നിമിഷങ്ങളിൽ ആശ്വാസവാക്കുകൾ നൽകണം. വിടുതൽ ലക്ഷണങ്ങൾക്കും വിഷാദരോഗത്തിനും ഉള്ള ചികിത്സ ചെയ്യണം. ദിവസവും മദ്യം കഴിക്കുകയും ഘട്ടം ഘട്ടമായി കൂടി അളവ് നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം മദ്യപരും. സ്ഥിരം മദ്യം കഴിക്കുന്ന വ്യക്തി ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് മാത്രമേ പൊടുന്നനെ മദ്യം നിറുത്താവൂ. ലക്ഷണം വരാതിരിക്കാന്‍ സഹായിക്കുന്ന ഔഷധം ഡോക്ടർ നൽകും. ഇത് പരിഹരിച്ചാല്‍ വീണ്ടും മദ്യപാനം തുടങ്ങുന്ന അവസ്ഥ തടയാനുള്ള ചികിത്സ വേണം.

''ഇന്നലെ തൂവാനൂരിൽ യുവാവ് ആത്മഹത്യ ചെയ്യാനിടയായത് മദ്യം ലഭിക്കാത്തത് കൊണ്ടാണെന്ന് പറയാനാവില്ല. രണ്ട് ദിവസം മദ്യം ലഭിക്കാതാകുമ്പോൾ ഇത്തരം മാനസികാവസ്ഥയിലെത്തുമെന്ന് തോന്നുന്നില്ല. ചാലക്കുടി ഗവ.ആശുപത്രി, തൃശൂർ മാനസികാരോഗ്യ കേന്ദ്രം, മുളങ്കുന്നത്തുകാവ് ഗവ: മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ മദ്യവിമുക്തി കേന്ദ്രങ്ങളുണ്ട്. താലൂക്ക് ആശുപത്രികളിൽ കൗൺസലിംഗ് സെൻ്ററുകളുമുണ്ട്.''

- ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കൽ ഓഫീസർ

മദ്യപാനം നിറുത്തുമ്പോൾ സംഭവിക്കുന്നത്:

വിഷാദം, വിശപ്പില്ലായ്മ, ഉറക്കം നഷ്ടപ്പെടൽ , അമിതമായ വിയർപ്പ്, മനംപിരട്ടൽ, ഛർദ്ദി, വയർ എരിച്ചിൽ, അസ്വസ്ഥത, കടുത്ത ദേഷ്യം ,കൈകാൽ വിറയൽ, ശക്തമായ തലവേദന, ഉത്കണ്ഠ, സങ്കോചം, അപസ്മാരം, സ്ഥലകാലബോധം നഷ്ടപ്പെടൽ.

ശ്രദ്ധിക്കാൻ:

മദ്യപാനം നിറുത്തുമ്പോഴുളള ലക്ഷണം ഉളളവർ ഡോക്ടറുടെ സഹായം തേടണം.

ഫിസിഷ്യൻ/മാനസികാരോഗ്യ സ്‌പെഷലിസ്റ്റ് ഉള്ള ആശുപത്രിയുടെ നമ്പർ കരുതണം.

അസ്വസ്ഥതകൾ കൂടുമ്പോൾ ഉടൻ താലൂക്ക്, ജില്ലാ ആശുപത്രികളിൽ എത്തിക്കണം

വിവരങ്ങൾക്ക് കടപ്പാട്: ഡോ.പി.കെ.സുകുമാരൻ (സൈക്യാട്രിസ്റ്റ്)