കൊടുങ്ങല്ലൂർ: ലോക്ഡൗണിലൂടെ വീടുകളിലും ലോഡ്ജുകളിലും അകപ്പെട്ട കൊടുങ്ങല്ലൂരിലുള്ളവർക്ക് ഇന്ന് മുതൽ 20 രൂപയ്ക്ക് ഭക്ഷണം ലഭ്യമാക്കാൻ തുടങ്ങും. സൗജന്യ ഭക്ഷണത്തിന് അർഹരായവർക്ക് ഭക്ഷണം നൽകാനാരംഭിച്ചു കഴിഞ്ഞു. ഗവ. ബോയ്സ് ഹൈസ്കൂളിൽ സജ്ജമാക്കിയിട്ടുള്ള അഗതി രക്ഷാ കേന്ദ്രത്തിൽ നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന 35 ൽപരം പേരെ സുരക്ഷിതമായി പാർപ്പിച്ചിട്ടുണ്ട്. ഇവർക്കും വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന അർഹരായവർക്കും അഗതി - ആശ്രയ കുടുംബങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ഭക്ഷണം നൽകും. സാധനങ്ങൾ വാങ്ങുന്നതിന് പണമില്ലെന്ന് വാർഡ് കൗൺസിലർമാർക്ക് ബോദ്ധ്യം വരുന്ന ദരിദ്ര കുടുംബങ്ങൾക്കും സൗജന്യ ഭക്ഷണം നൽകും. കുടുംബശ്രീയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ബോയ്സ് സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള താത്കാലിക അടുക്കളയിലാണ് കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനമാരംഭിക്കുന്നത്.
നഗരത്തിൽ ഭക്ഷണമാവശ്യമുള്ള ആർക്കും ഫോൺ, എസ്.എം.എസ്, വാട്സ് ആപ് മുഖേന കിച്ചണിൽ നിന്നും ഭക്ഷണം ആവശ്യപ്പെടാം. വീടുകളിലെത്തിച്ച് നൽകും. പണം വിതരണ സമയത്ത് നൽകിയാൽ മതി. നഗരസഭാ പരിധിയിൽ ഭക്ഷണം ആവശ്യമുള്ളവർക്ക് താഴെ പറയുന്ന നമ്പരുകളിൽ വിളിക്കുകയോ, എസ്.എം.എസ് അയയ്കുകയോ, വാട്സ് ആപ് സന്ദേശമയക്കുകയോ ചെയ്യാം. വാർഡ് കൗൺസിലർമാർ, ആശാവർക്കർമാർ, അങ്കണവാടി ടീച്ചർമാർ എന്നിവർ വഴിയും ഭക്ഷണം ആവശ്യപ്പെടാം.
ഫോൺ നമ്പർ(ദിജി - 9946730885, ഹീര - 9388001033)