ksu
കണ്ടശ്ശാംകടവ് മാർക്കറ്റിൽ അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ലീഗൽ മെട്രോളജി ഉദ്യാഗസ്ഥരും പരിശോധന നടത്തുന്നു.

നടപടി കേരളകൗമുദി വാർത്തയെ തുടർന്ന്

കാഞ്ഞാണി : കണ്ടശ്ശാംകടവ് മാർക്കറ്റിൽ കരിഞ്ചന്ത വിൽപ്പന നടക്കുന്നുവെന്നുള്ള കേരളകൗമുദി വാർത്തയെ തുടർന്ന് മിന്നൽ പരിശോധന നടത്തി. തൃശൂർ താലൂക്ക് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ലീഗൽ മെട്രോളജി ഉദ്യോഗസ്ഥരും ഒരുമിച്ചാണ് പരിശോധന നടത്തിയത്.

കൊറോണ പ്രതിരോധത്തിന് ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ മറവിൽ ചുവന്ന ഉള്ളി, പഞ്ചസാര, സവാള ഉൾപ്പെടെ പലവ്യഞ്ജന സാധനങ്ങൾക്ക് അമിത വില ഈടാക്കിയിരുന്നു. ചുവന്ന ഉള്ളി 100, 110, 120 , സവാള 45, 50, പഞ്ചസാര 43, 45 എന്ന നിലയിലാണ് അമിതവില ഈടാക്കിയിരുന്നത്.

ഇത് കഴിഞ്ഞദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

അധികൃതരുടെ ശ്രദ്ധയിൽ വാഴ്ത്തപ്പെട്ടതോടെയാണ് മിന്നൽ പരിശോധന നടത്തിയത്. 25 കടകൾ പരിശോധിച്ചതിൽ എട്ട് കടകളിൽ അമിതവില ഈടാക്കുന്നതായും വില വിവരബോർഡ് പ്രദർശിപ്പിക്കാത്തതും കണ്ടെത്തിയത്. ചുവന്ന ഉള്ളി 85നും പഞ്ചസാര 40നും സവാള 35നും വിൽപ്പന നടത്തണമെന്ന് നിർദ്ദേശം നൽകിയതായി സിവിൽ സപ്ലൈസ് ഇൻസ്പെക്ടർ സാബു പറഞ്ഞു. അമിതവില ഈടാക്കിയ എട്ട് കച്ചവടക്കാർക്കെതിരെ നടപടിക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സിവിൽ സപ്ലൈസ് താലൂക്ക് ഓഫീസർ ചന്ദ്രശേഖരൻ പറഞ്ഞു. റേഷനിംഗ് ഇൻസ്പെക്ടർമാരായ സാബു, സ്വപ്ന, പ്രിൻസി, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ ബിന്ദു വിൻസെന്റ് എന്നിവരാണ് പരിശോധന നടത്തിയത്.