കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയാഘോഷവുമായി ബന്ധപ്പെട്ടുള്ള ആശ്വതി കാവുതീണ്ടൽ ആചാരമായി നടന്നു. ജനസഹസ്രങ്ങൾ ആവേശപൂർവ്വം പങ്കെടുക്കാറുള്ള ഈ ചടങ്ങ് ഇന്നലെ പരമ്പരാഗത അവകാശിയായ പാലക്കവേലൻ ദേവീദാസൻ തനിച്ച് നിർവഹിച്ചപ്പോൾ അത് ചരിത്രത്തിലെ അത്യപൂർവ്വ സംഭവങ്ങളിലൊന്നായി.

കോഴിക്കല്ല് മൂടൽ ചടങ്ങിന് ആയിരത്തിലേറെ പേർ പങ്കു കൊണ്ട സാഹചര്യം കണക്കിലെടുത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞയുടെയും പിറകെയെത്തിയ ലോക്ക് ഡൗണും മൂലം ഭരണിയാഘോഷമെല്ലാം ചടങ്ങിലൊതുങ്ങി. ഉച്ചയ്ക്ക് ഒന്നോടെ സവിശേഷമെന്ന് കരുതി പോരുന്ന തൃച്ഛന്ദന ചാർത്ത് പൂജ ആരംഭിച്ചു. മഠത്തിൽ മഠം, കുന്നത്ത് മഠം, നീലത്ത് മഠം എന്നിവിടങ്ങളിലെ പ്രതിനിധികളായ മൂന്ന് പേർ ചേർന്നാണ് ശാക്തേയ വിധി പ്രകാരമുള്ളതെന്ന് പറയുന്ന ഈ പൂജ നിർവഹിച്ചത്. മൂന്നര മണിക്കൂറിലേറെ സമയം നീണ്ട പൂജയ്ക്കൊടുവിൽ അടികൾമാർ ശ്രീകോവിൽ നടയച്ച് ക്ഷേത്രത്തിനകത്ത് നിന്നെല്ലാവരും പുറത്തിറങ്ങിയതോടെ, കിഴക്കെനടയിലെ നിലപാട് തറയിലേക്കെത്തിയ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാൻ്റെ അനുമതി അറിയിച്ചുള്ള പട്ടുക്കുട നിവർത്തൽ നടന്നു. കാവ് തീണ്ടലിനുള്ള അനുമതി ചിഹ്നമായ ഈ ചടങ്ങോടെയാണ് കാവ് തീണ്ടൽ നടന്നത്.

ഭരണി നാളായ ഇന്ന് രാവിലെ പട്ടാര്യ സമുദായം കുമ്പളങ്ങ ബലിയർപ്പിച്ച് വെന്നിക്കൊടി നാട്ടുന്നതോടെ ഭരണിയാഘോഷം സമാപിക്കും.