തൃശൂർ: ജില്ലയിൽ ഒരാൾക്ക് കൂടി കൊറോണ വൈറസ് ബാധ. ഇതോടെ ജില്ലയിൽ ആറ് പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ രോഗ വിമുക്തരായി ആശുപത്രി വിട്ടു. നാലു പേർ ആശുപത്രിയിലാണ്. ഇന്നലെ ലഭിച്ച 68 പരിശോധനാ ഫലങ്ങളിൽ ഒരെണ്ണം ഒഴികെ 67 എണ്ണവും നെഗറ്റീവാണ്. ഇന്നലെ 26 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 552 എണ്ണത്തിന്റെ ഫലം വന്നു. 26 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 13,455 ആയി. വീടുകളിൽ 13,408 പേരും ആശുപത്രികളിൽ 47 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർ ആശുപത്രി വിട്ടു. 57 പേർ വീടുകളിലെ ക്വാറന്റൈൻ പൂർത്തിയാക്കി. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 487 അന്വേഷണം ലഭിച്ചു. തൃശൂർ നഗരസഭാ പരിധിയിലുളള 341 അഗതികളെ ഗവൺമെന്റ് മോഡൽ ബോയ്‌സ്, ഗേൾസ് സ്‌കൂളുകളിൽ മാറ്റിപാർപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നിന്നുളള യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്ന കെയർ സെന്ററുകളിൽ 220 പേരെ നിരീക്ഷണത്തിലാക്കി.