ചാലക്കുടി: തെരുവിൽ അലഞ്ഞു തിരിയുന്നവരെ കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റുന്ന ചാലക്കുടി നഗരസഭയുടെ പ്രവൃത്തികൾ ആരംഭിച്ചു. റെയിൽവെ സ്റ്റേഷൻ ഫ്‌ളൈ ഓവർ, സെന്റ് മേരീസ്‌ഫൊറോന പള്ളി പരിസരം എന്നിവിടങ്ങളിൽ ഭിക്ഷാടനം നടത്തുന്ന പതിനഞ്ചു പേരെ കണ്ടെത്തിയാണ് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തേയ്ക്ക് മാറ്റിയത്. സെന്റ് മേരീസ് എൽ.പി സ്‌കൂളിലാണ് ഇവർക്ക് താമസം ഒരുക്കിയത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെ കണ്ടെത്തി ഇവിടേയ്ക്ക് മാറ്റും. നഗരസഭയിലെ കമ്മ്യൂണിറ്റി കിച്ചണിൽ തയ്യാറാക്കുന്ന ഭക്ഷണം വളണ്ടിയർമാർ മുഖേന ഇവിടെ എത്തിക്കും. അന്തേവാസികൾ കണ്ണുവെട്ടിച്ച് രക്ഷപ്പെടുന്ന പ്രവണത ഒഴിവാക്കുന്നതിന് കേന്ദ്രത്തിൽ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, വാർഡ് കൗൺസിലർ സീമ ജോജോ, നഗരസഭാ സെക്രട്ടറി എം.എസ്. ആകാശ് തുടങ്ങിയവർ നേതൃത്വം നൽകി.