ചാലക്കുടി: കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്വാറന്റൈയിനിൽ കഴിയേണ്ട രണ്ടുപേർ മേലൂരിലെ പൂലാനിയിൽ നിന്നും രക്ഷപ്പെട്ടു. പൂലാനി റിസോർട്ടിൽ താമസിച്ചുവന്ന ചേർത്തല സ്വദേശികളാണ് മാർച്ച് 23ന് ആരോടും പറയാതെ കടന്നുകളഞ്ഞത്. ബിസിനസുകാരായ ഇരുവരും മാർച്ച് 9നാണ് വിദേശത്തു നിന്നും എത്തിയത്. ഇവിടുത്തെ താമസത്തിനിടെ ജില്ലയിലെ പല സ്ഥലത്തും സഞ്ചരിച്ചു. ഇവരുടെ ക്വാറന്റൈൻ കാലാവധി അവസാനിച്ചോ എന്നാരാഞ്ഞ് റിസോർട്ടിലേയ്ക്ക് ഒരു ഫോൺ കോൾ വന്നപ്പോഴാണ് ഇതിന്റെ നടത്തിപ്പുകാർ വിവരം അറിയുന്നത്. ഉടനെ മേലൂരിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദാംശങ്ങൾ ശേഖരിച്ചു. ചേർത്തലയിലെ ആരോഗ്യ വിഭാഗത്തിലേയ്ക്കും വിവരം കൈമാറി.