കൊടുങ്ങല്ലൂർ: തഹസിൽദാറും താലൂക്ക് സപ്ളൈ ഓഫീസറും ലീഗൽ മെട്രോളജി ഇൻസ്പെക്ടറും ഉൾപ്പെട്ട സംഘം മെഡിക്കൽ ഷോപ്പിലെത്തി അമിത വില ഈടാക്കിയിരുന്ന സാനിറ്റൈസറുകൾ പിടിച്ചെടുത്ത് ആരോഗ്യ വകുപ്പിന് കൈമാറി. ചന്തപ്പുരയിലുള്ള റിലീഫ് മെഡിക്കൽസിൽ നിന്നാണ് 217 കുപ്പികൾ പിടിച്ചെടുത്തത്. 60 മില്ലി സാനിറ്റൈസറിന് 30 രൂപയ്ക്ക് പകരം 94 രൂപയ്ക്ക് വിൽപ്പന നടത്തുകയായിരുന്നു. പരാതി ലഭിച്ച ഉടനെ ഉദ്യോഗസ്ഥരിലൊരാളെ അയച്ച് ഒരു കുപ്പി സാനിറ്റൈസറും അതിന്റെ ബില്ലും വാങ്ങി. തുടർന്നാണ് ഉദ്യോഗസ്ഥ സംഘം കുപ്പികൾ പിടിച്ചെടുത്തത്. തഹസിൽദാർ കെ. രേവ, താലൂക്ക് സപ്ളൈ ഓഫീസർ സുധീർ, ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അഭിലാഷ്, റേഷനിംഗ് ഇൻസ്പെക്ടർമാർ തുടങ്ങിയവരുൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. വിവിധ വകുപ്പുകൾ ചേർത്ത് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അധികൃതർ പറഞ്ഞു. ഇതേസമയം റിലീഫ് മെഡിക്കൽസിൽ നിന്നും പിടിച്ചെടുത്ത സാനിറ്റൈസറുകൾ നഗരസഭയിലെ താലൂക്ക് ഗവ. ആശുപത്രി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്ക് വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെ.ആർ ജൈത്രൻ പറഞ്ഞു.