ചേലക്കര: പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പ്രതിരോധ പ്രവർത്തനം ഊർജിതം. നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 266 പേർ ഹോം ക്വാറന്റൈനിൽ നിന്നും വിടുതൽ നേടി. വിദേശത്തു നിന്നു വന്ന 265 പേർ ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നും അന്തർജില്ലകളിൽ നിന്നുമായുള്ള 755 പേർ ഗൃഹകേന്ദ്രീകൃത നിരീക്ഷണത്തിലും ഉണ്ട്.
അതിഥി തൊഴിലാളികളായി ഗെയിൽ പൈപ്പ് നിർമ്മാണത്തിനായി എത്തിയ തൊഴിലാളികളിൽ പകുതിപേരെ ഇന്നലെ മായന്നൂർ സ്‌കൂളിലേക്ക് മാറ്റി. ഇവിടുണ്ടായിരുന്ന ഗ്വാളിയാർ സ്വദേശിയായ തൊഴിലാളിക്ക്‌ കോവിഡ് 19 ബാധിച്ചെന്ന സംശയത്തിൽ മെഡിക്കൽ കോളേജിൽ പരിശോധന നടത്തിയിരുന്നു. പരിശോധനാ ഫലം നെഗറ്റീവ് ആയതിനാൽ വലിയ ആശങ്ക ഒഴിവായി. രണ്ട് പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചനുവേണ്ട നടപടി ആരംഭിച്ചു. ഇന്ന് എല്ലാ പഞ്ചായത്തുകളിലും ഉന്നതതലയോഗം ചേരും യു.ആർ പ്രദീപ് എം.എൽ.എ യോഗത്തിൽ പങ്കെടുക്കുമെന്നും കൂടുതൽ തീരുമാനങ്ങൾ ഇന്നു കൈക്കൊള്ളുമെന്നും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ പറഞ്ഞു.