തൃശൂർ : അനാവശ്യ കറക്കക്കാർ പൊലീസിന്റെ പിടിയിൽ വീണതോടെ ആളുകൾ വീടുകളിൽ അടച്ചും പൂട്ടി ഇരിപ്പ് തുടങ്ങി. ആദ്യ കൊറോണ മരണം തെല്ല് ആശങ്ക കൂടി പരത്തിയതോടെ കഴിഞ്ഞ എതാനും ദിവസത്തെ പരക്കം പാച്ചിലിന് അൽപ്പം കുറവുണ്ടായി. കുട്ടികളെയും മറ്റും പുറത്ത് വിടാതിരിക്കാനും രക്ഷിതാക്കൾ ശ്രദ്ധിച്ച് തുടങ്ങി. എന്നാൽ കുട്ടികളെ പിന്നെയും പറഞ്ഞിരുത്താം, പക്ഷേ മുതിർന്നവരെ എങ്ങനെ പറഞ്ഞ് മനസിലാക്കുമെന്നും ചില രക്ഷിതാക്കൾ പറയുന്നു.

കൊറോണയെ ശപിച്ച് കുട്ടികൾ
പറഞ്ഞ് മടുത്ത് അച്ഛനമ്മമാർ


അടങ്ങിയിരിക്കെടാ.... പറഞ്ഞ് പറഞ്ഞ് വായിലെ വെള്ളം വറ്റിയെന്ന് അച്ഛനമ്മമാർ. കുറച്ച് നേരം ടി.വി കാണും, അൽപ്പം കഴിഞ്ഞാൽ പതുക്കെ ഉമ്മറത്തേക്ക് എത്തും. കൈയിൽ കവിടിയും ഈർക്കിലിയും ഗോട്ടിയും ഒക്കെ ഉണ്ടെങ്കിലും കണ്ണ് തെറ്റിയാൽ മുറ്റത്തേക്ക് ഒരു പാച്ചിലാണ്. കൂട്ടിന് ഒന്നോ രണ്ടോ പേരെ ഉള്ളൂവെങ്കിലും കൈയിൽ ഒരു ബാറ്റും ബോളും, അല്ലെങ്കിൽ ഒരു ഫുട്‌ബാളും കാണാം. ഇതോടെ വീണ്ടും വടിയെടുത്ത് ഉള്ളിലേക്ക് വിടേണ്ടി വരുമെന്ന് രക്ഷിതാക്കൾ പറയുന്നു. പരീക്ഷയില്ലാതെ മദ്ധ്യവേനലവധി ഒരു മാസം മുമ്പ് കിട്ടിയിട്ടും പരക്കം പായാൻ പറ്റാതെ കൊറോണയെ ശപിക്കുകയാണ് കുരുന്നുകൾ.

മൊബൈൽ തന്നെ ശരണം


ടീനേജുകാർ ഒന്നു രണ്ട് ദിവസം കറങ്ങി നടന്നെങ്കിലും പൊലീസ് പേടിയിൽ ഇപ്പോൾ അടങ്ങിയിരിപ്പാണ്. സ്‌പോർട്‌സ് ചാനലും മൊബൈലും തന്നെയാണ് ശരണം. ഗ്രൂപ്പുകളിലെ ഗെയിമുകൾക്ക് പുറമെ പുത്തൻ കളികളും സമയം കൊല്ലാൻ ഉപകരിക്കുന്നു.

റിമോട്ട് വിടാതെ അമ്മമാർ


മക്കൾക്ക് സ്വാതന്ത്ര്യം ഉണ്ട്, പകൽ എത്ര വേണമെങ്കിലും ടി.വി കണ്ടോ. പക്ഷേ സന്ധ്യയായാൽ റിമോട്ട് തരണം. സിരീയൽ തുടങ്ങും. അതിൽ വിട്ടുവീഴ്ച്ച വരുത്താൻ തയ്യാറല്ലെന്ന് അമ്മമാർ ആണയിടുന്നു. എന്നാൽ ഇടയ്ക്കിടെ വാർത്തകളിലേക്ക് ഒന്ന് കണ്ണോടിക്കാനും അവർ മറക്കാറില്ല.

മുതിർന്നവർക്കുമുണ്ട് അൽപ്പം കുട്ടികുറുമ്പ്


65 വയസു കഴിഞ്ഞവർ വീട്ടിലിരിക്കണമെന്ന കർശന നിർദ്ദേശം ഉണ്ടെങ്കിലും ക്ഷമ നശിച്ച് പുറത്തിറങ്ങി നടക്കുന്ന ശീലം ഒഴിവാക്കാൻ മുതിർന്നവർക്ക് കഴിയുന്നില്ല. രാവിലെയും വൈകീട്ടും അൽപ്പം ഇറങ്ങി നടക്കാതെ പറ്റില്ലെന്ന് ഇവർ പറയുന്നു. എന്നാൽ റോഡിലേക്ക് ഇറങ്ങാൻ പൊലീസിനെ പേടിയുള്ളവരാണ് പലരും..