അന്തിക്കാട്: കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലേബർ ഓഫീസ് ഉദ്യോഗസ്ഥർ അതിഥി തൊഴിലാളികളുടെ ക്യാമ്പിൽ പരിശോധന നടത്തി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ താന്ന്യം, ചാഴൂർ, പഞ്ചായത്തുകളിലെ വിവിധ ലേബർ ക്യാമ്പുകളിലാണ് പരിശോധന നടത്തിയത്. ബോധവത്കരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ മുറികളെല്ലാം ശുചീകരണം നടത്തിയതായി ബോധ്യപ്പെട്ടു. ചിലയിടങ്ങളിൽ തൊഴിലാളികൾ തിങ്ങി പാർക്കുന്നതായും കണ്ടെത്തി. ബന്ധപെട്ടവരെ വിളിച്ചു വരുത്തി അടിയന്തര നടപടികൾക്ക് നിർദേശം നൽകിയതായും മുറികളിൽ സാമൂഹിക അകലം പാലിക്കാൻ ആവശ്യപെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു. തൃശൂർ ഒന്നാം സർക്കിൾ അസി. ലേബർ ഓഫീസർ സീത ലക്ഷ്മി, അന്തിക്കാട് ബ്ലോക്ക് ബി.ഡി.ഒ ജോളി വിജയൻ, അന്തിക്കാട് ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ കെ.സി. ദിലീപ് കുമാർ, വിവിധ പഞ്ചായത്തുകളിലെ സെക്രട്ടറിമാർ, ഹെൽത്ത് ഇൻസ്പക്ടർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, താന്ന്യം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ഐ. അബൂബക്കർ എന്നിവരും പരിശോധനയിൽ പങ്കാളികളായി.