തൃപ്രയാർ: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക് ഡൗണും നിരോധനാജ്ഞയും പ്രഖ്യാപിച്ച ശേഷം വിവിധ മേഖലകളിൽ നിന്നെത്തുന്ന നൂറ് കണക്കിനാളുകൾ കൂടുന്ന ഹാർബറുകളും ലാൻഡിംഗ് സെന്ററുകളും പ്രവർത്തിക്കാൻ അനുവദിക്കുന്നത് പ്രതിഷേധാർഹമെന്ന് അഖില കേരള ധീവരസഭ പ്രസ്താവനയിൽ അറിയിച്ചു. കൊറോണയെ പ്രതിരോധിക്കുകയല്ല മറിച്ച് തീരദേശമേഖലയിൽ വ്യാപനത്തിനുള്ള സൗകര്യം ഉണ്ടാക്കി കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ധീവരസഭ സംസ്ഥാന ജന സെക്രട്ടറി വി. ദിനകരൻ പത്രകുറിപ്പിൽ അറിയിച്ചു. ലോക്ക് ഡൗൺ മാനിച്ച് മത്സ്യത്തൊഴിലാളി സംഘടനകളും തൊഴിലാളികളും എന്ത് പ്രതിസന്ധി ഉണ്ടായാലും മത്സ്യബന്ധനത്തിന് പോകേണ്ടെന്ന് തീരുമാനിച്ചു. ഫീഷറീസ് വകുപ്പും പൊലീസും മുൻകൈ എടുത്ത് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ഫിഷിംഗ് ഹാർബറുകളുടെയും ലാൻഡിംഗ് സെന്ററുകളുടെയും ഫിഷ് മാർക്കറ്റുകളുടെയും പ്രവർത്തനം നിറുത്തിവെപ്പിച്ചു. എന്നാൽ മത്സ്യവിത്തുല്പാദന കേന്ദ്രങ്ങൾ, ഹാച്ചറികൾ, തീറ്റ ഉല്പാദനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനങ്ങൾ തുടരാൻ അനുമതി നൽകി. എന്നാൽ അതിനെ ദുർവ്യാഖ്യാനം ചെയ്ത് ഫിഷറീസ് മന്ത്രിയുടെ അനുമതി ഉണ്ടെന്നും പറഞ്ഞ് ചില നിക്ഷിപ്ത താല്പര്യക്കാർ മത്സ്യബന്ധനത്തിന് പോവാൻ തൊഴിലാളികളെ ആഹ്വാനം ചെയ്യുന്നു. ഇത് തൊഴിലാളികൾക്കിടയിൽ ചേരിതിരിവിനും സംഘർഷത്തിനും സാധ്യതയുണ്ട്. തീരമേഖലകളിൽ കൊറോണ വ്യാപിച്ചാൽ ഉണ്ടാവുന്ന വിപത്ത് ചിന്തിക്കാൻ സാധിക്കുകയില്ല. തീരദേശവാസികളെ സംരക്ഷിക്കുന്നതിന് അവർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ മത്സ്യമേഖലക്കായി സ്‌പെഷൽ പാക്കേജ് വഴി നടപ്പിലാക്കണമെന്ന് വി. ദിനകരൻ ആവശ്യപ്പെട്ടു.