വടക്കാഞ്ചേരി: കൊറോണയെ കരുതലോടെ തന്നെ നേരിടുമ്പോൾ കൊച്ചുകുട്ടികളോടൊപ്പം കളികളുമായി മാതാപിതാക്കളും സജീവമാകണമെന്ന് ബാലസാഹിത്യകാരി സുമംഗല. ഉച്ചവരെ വീട്ടുപണികൾക്കായി സമയം മാറ്റിവെച്ചോളൂ. കുട്ടികൾ ഇപ്പോൾ കൂട്ടിൽ അടച്ചിട്ട പോലെയാണ്. മുതിർന്നവർ മുഴുവൻ സമയവും ടി.വിക്ക് മുന്നിലാകും. ഈ അവസ്ഥ മാറ്റിയെടുക്കണം. വീടിനുള്ളിൽ കുട്ടികൾക്ക് കളിക്കാൻ അവസരം ഒരുക്കണം.
ഊഞ്ഞാലിട്ടും ചിരട്ടയിൽ മണ്ണ് കൊണ്ട് അപ്പം ചുട്ടും, ചൊട്ടയും മണിയുമൊക്കെ കളിക്കാം. പഴയകാല കളികൾ ഇഷ്ടമില്ലെങ്കിൽ പുതിയ കളികൾ തിരഞ്ഞെടുക്കാം. പ്രായമായവർ കുട്ടികൾക്ക് കഥകൾ പറഞ്ഞു കൊടുക്കണം. കുട്ടികൾക്ക് രസകരമായ പുസ്തകങ്ങൾ വായിക്കാൻ കൊടുക്കണം. അവരിൽ വായനാശീലം വളർത്താൻ അത് ഉപകരിക്കും. 86 വയസായ സുമംഗല തന്റെ കുട്ടിക്കാല വേനൽ അവധിക്കാല ഓർമ്മകളും കുട്ടികൾക്കായി പങ്കുവെച്ചു.
പരീക്ഷ കഴിയുന്നത് വരെ കാത്തിരിക്കും. സ്‌കൂൾ പൂട്ടിയാൽ ആദ്യം സിനിമ കാണാൻ പോകും. മാങ്ങയും, ചക്കയുമൊക്കെ വേണ്ടുവോളം അകത്താക്കും. കശുവണ്ടി ശേഖരിക്കലാണ് പ്രധാന കാര്യം. കശവണ്ടി കൊടുത്ത് കപ്പലണ്ടി വാങ്ങും. ബാക്കി വരുന്ന കശുവണ്ടി വിഷുപ്പടക്കം വാങ്ങാനായി കരുതിവയ്ക്കും. കൂട്ടുകാരോടൊപ്പം കൂട്ടത്തോടെ കുളത്തിൽ പോയി കുളിക്കുന്നതാണ് മറ്റൊരു വിനോദം. കാലം മാറി. ഒപ്പം കഥകളും മാറി. ഇപ്പോൾ കൊറോണക്കാലമാണ്. കുട്ടികൾക്ക് ഇതൊന്നും അറിയില്ല. കളിച്ചും, ചിരിച്ചും കഴിയേണ്ട സമയമാണിപ്പോൾ. അതിന് അവർക്ക് അവസരം ഒരുക്കുക. പക്ഷേ അത് വീട്ടിനുള്ളിലാകണമെന്നു മാത്രം അവർ പറഞ്ഞു.

........

വേനലവധി അടിച്ചു പൊളിക്കാനായി മനക്കോട്ട കെട്ടി നടന്നതാണ് കുട്ടികൾ. ഓർക്കാപ്പുറത്താണ് കൊറോണയെന്ന മഹാമാരി കടന്നു വന്നത്. അച്ഛനമ്മമാർക്കൊപ്പം വിനോദയാത്രയും, ഉല്ലാസവുമെല്ലാം തീരുമാനിച്ചിരുന്ന കുട്ടികൾ നിരാശരായി. ഈ സമയത്ത് മാതാപിതാക്കളോട് കുട്ടികളുടെ മുത്തശ്ശിക്ക് ഒരു കാര്യം പറയാനുണ്ട്. കുട്ടികളെ കളിക്കാൻ വിടണം. അവരോടൊപ്പം കളിക്കാൻ സമയം കണ്ടെത്തണം.

................