പൊലീസിന് കുടിവെള്ളവും മാസ്കുമായി സന്നദ്ധ സംഘടനകൾ

കൊടുങ്ങല്ലൂർ: ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്‌സ് കേരളയുടെ കൊടുങ്ങല്ലൂർ ഘടകമായ ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്സ്റ്റേഴ്സ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലേക്കും ഫയർ സ്റ്റേഷനിലേക്കും പ്രതിരോധ മരുന്ന് വിതരണം ചെയ്തു.

കേന്ദ്ര ആയുഷ് വകുപ്പ് നിർദ്ദേശിച്ച ഈ മരുന്ന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ഉപയോഗിക്കാവുന്ന വിധത്തിലാണ് വിതരണം ചെയ്തിട്ടുള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. റെജു കരീം, സെക്രട്ടറി ഡോ. ഏണസ്റ്റ് ജി, കൊടുങ്ങല്ലൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് ഡോ.കെ.കെ നസീർ എന്നിവർ ചേർന്നാണ് മരുന്ന് കൈമാറിയത്. കൊടുങ്ങല്ലൂർ എസ്.ഐ ഇ.ആർ. ബൈജു മരുന്നുകൾ ഏറ്റുവാങ്ങി. ഫയർസ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ രാജേന്ദ്രനാഥ് മരുന്ന് ഏറ്റുവാങ്ങി.

കൊട്ടിക്കൽ ഈഴവ സേവാ സമിതി സമാഹരിച്ച മാസ്കുകൾ കൊടുങ്ങല്ലൂർ പൊലീസിന് കൈമാറി. സമിതി പ്രസിഡന്റ് സദാനന്ദൻ കഴിക്കാട്ട് മാസ്കുകൾ എസ്.ഐ ഇ.ആർ. ബൈജുവിന് കൈമാറി. കൊടുങ്ങല്ലൂരിൻ്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് അഴീക്കോട് കൊട്ടിക്കത്സ് കുടിവെള്ളം വിതരണം ചെയ്തു. പി.എസ്. മണിലാൽ, സുനിൽ ചേപ്പുള്ളി, കെ.എം. ഷമീർ, എം.ബി. സജീഷ് എന്നിവർ നേതൃത്വം നൽകി.