തൃശർ : കൊറോണ സമൂഹ വ്യാപന സാദ്ധ്യത മുൻനിർത്തി തൃശൂർ ഗവ: മെഡിക്കൽ കോളേജിനെ കൊറോണ ആശുപത്രിയാക്കി മാറ്റുമെന്ന് മന്ത്രി എ. സി മൊയ്തീൻ പറഞ്ഞു. കൊറോണ ചികിത്സയ്ക്കായി ജൂബിലി ആശുപത്രി 90 മുറികളുള്ള ഒരു ബ്ലോക്ക് വിട്ടു നൽകാൻ സന്നദ്ധത അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
അവലോകന യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൊറോണ കെയർ സെന്ററുകൾ തുടങ്ങാൻ ഗുരുവായൂർ ദേവസ്വം ബോർഡ് 250 മുറികൾ വിട്ടുനൽകാൻ തീരുമാനിച്ചതായും ഗുരുവായൂരിലെ ലോഡ്ജ് ഉടമകൾ 1000 മുറികൾ തരാമെന്നു സമ്മതിച്ചതായും മന്ത്രി അറിയിച്ചു. ഇവരോടുള്ള നന്ദിയും മന്ത്രി അറിയിച്ചു. ജില്ലയിൽ 80 പഞ്ചായത്തുകളുൾപ്പെടെ 88 ഇടങ്ങളിൽ സമൂഹ അടുക്കള പ്രവർത്തനം തുടങ്ങി. ഇന്നലെ മാത്രം പതിനാലായിരത്തിലേറെ പേർക്കാണ് അടുക്കള വഴി ഭക്ഷണം പാഴ്‌സലായി നൽകിയത്. രണ്ടായിരത്തിലേറെ പൊതികൾ ഇരുപതു രൂപ നിരക്കിൽ വിതരണം ചെയ്തു. ആറ് പഞ്ചായത്തുകളിൽ ഇന്നുമുതൽ സമൂഹ അടുക്കളകൾ പ്രവർത്തനം തുടങ്ങും. സിവിൽ സപ്ലൈസിൽ കുറവുള്ള സാധനങ്ങൾ ഉടനെത്തിക്കും. 35 ലോഡ് പച്ചക്കറികളാണ് തൃശൂരിലെത്തിയത്. കളക്ടർ എസ്. ഷാനവാസ് , ഡി.എം.ഒ ഡോ. കെ.ജെ. റീന, ഡി.പി.എം ഡോ . ടി.വി. സതീശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.