സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പ് തടയാൻ കളക്ടറുടെ മിന്നൽ പരിശോധന
തൃശൂർ : കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14,615 ആയി. വീടുകളിൽ 14,578 പേരും ആശുപത്രികളിൽ 37 പേരുമാണ് നിരീക്ഷണത്തിലുളളത്. ഇന്നലെ ലഭിച്ച 25 പരിശോധനാ ഫലങ്ങളിൽ എല്ലാം നെഗറ്റീവാണ്. ഇതുവരെ 610 പേരുടെ സാമ്പിളുകൾ അയച്ചതിൽ 577 എണ്ണത്തിന്റെ ഫലം വന്നു. 33 പേരുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ നിലയിൽ യാതൊരു ആശങ്കയും ഇല്ലെന്ന് ഡി.എം.ഒ അറിയിച്ചു. ലേബർ ക്യാമ്പുകളിലും പരിശോധന നടത്തി.
ജില്ലാ കൺട്രോൾ സെല്ലിലേക്ക് 439 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴിയുള്ള കൗൺസലിംഗ് തുടരുകയാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി തൃശൂർ ശക്തൻ മാർക്കറ്റിൽ ട്രക്ക് ഡ്രൈവർമാർ, ക്ലീനർമാർ തുടങ്ങിയവരെയും പച്ചക്കറി വാങ്ങാനെത്തിയവരെയും സ്‌ക്രീൻ ചെയ്തു.
പുലർച്ചെ മൂന്നിന് ആരംഭിച്ച സ്‌ക്രീനിംഗിന്റെ ഭാഗമായി 5850 പേരെ പരിശോധിച്ചു. രണ്ട് ഇതരതൊഴിലാളികളെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുണ്ട്. അഗ്‌നിശമന വിഭാഗം, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ ചേർന്ന് ജില്ലാ ജയിൽ, വനിതാ ജയിൽ, സബ് ജയിൽ, സെൻട്രൽ ജയിൽ എന്നിവ അണുവിമുക്തമാക്കി. നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. നിർദ്ദേശം ലംഘിച്ച് പുറത്ത് കടന്ന സിറ്റി പരിധിയിലെ 65 പേരെയും റൂറലിൽ 59 പേരെയും അറസ്റ്റ് ചെയ്തു.
കളക്ടറുടെ മിന്നൽ പരിശോധന
കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ നേതൃത്വത്തിൽ ശക്തൻ മാർക്കറ്റ്, ജയ്ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തി. പല കടകളിൽ നിന്നും സ്‌റ്റോക്കെടുത്തിട്ടുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കും. അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുമെന്ന് കളക്ടർ പറഞ്ഞു.