കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തൊരുക്കിയ അഗതി കേന്ദ്രത്തിൽ ഒരു പത്താം ക്‌ളാസ് വിദ്യാർത്ഥിയും. എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്‌ളാസ് ബിയിലെ സുമേഷാണ് കുടുംബത്തോടൊപ്പം ഈ അഗതി കേന്ദ്രത്തിലെത്തിയത്.
സ്‌കൂളിൽ പഠന രംഗത്ത് മികവ് കാണിക്കുന്ന കുട്ടികളിലൊരാളാണ് സുമേഷ്. കൈനോട്ടം ഉപജീവന മാർഗ്ഗമാക്കിയ അമ്മയും അമ്മയുടെ ബന്ധുക്കൾക്കും ഒപ്പമാണ് താമസം. രണ്ട് ദിവസം അനുഭവിക്കേണ്ടി വന്ന പട്ടിണിക്കൊടുവിൽ കിടക്കാനൊരിടവും ഭക്ഷണവും ലഭിച്ചതിന്റെ ആശ്വാസത്തിലാണ്.
ഇവർ എടവിലങ്ങിലെ പൊടിയൻ ബസാറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ വീട് ഒഴിയേണ്ടി വന്നതിനെ തുടർന്ന് ശ്രീ കുരുംബ ഭഗവതീ ക്ഷേത്രത്തിലെ ആൽത്തറയിലും മറ്റുമായാണ് കഴിച്ചു കൂട്ടിയത്. പത്താം ക്‌ളാസിൽ ഇതിനകം കഴിഞ്ഞ പരീക്ഷകൾ ഭേദപ്പെട്ട നിലയിൽ എഴുതിയിട്ടുള്ള സുമേഷ് പരീക്ഷ കഴിഞ്ഞാൽ അടൂരിലേക്ക് പോകാൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാൽ കൊറോണ മൂലം എല്ലാം കുഴഞ്ഞു മറിഞ്ഞതോടെ നാടോടി ജീവിതമായിപ്പോയെന്ന് സുമേഷ് വേദനയോടെ ചൂണ്ടിക്കാട്ടുന്നു.
ശ്രീനാരായണപുരം പഞ്ചായത്ത് സെക്രട്ടറി കെ.എസ് രാംദാസും ഇവിടുത്തെ ജനപ്രതിനിധികളുമാണ് ആപത് ഘട്ടത്തിൽ തുണയായത്. രണ്ട് ദിവസത്തെ പട്ടിണിക്ക് ശേഷം ഇ.ടി ടൈസൻ മാസ്റ്റർ എം.എൽ.എയിൽ നിന്നും ഭക്ഷണപ്പൊതി സ്വീകരിച്ചപ്പോൾ അതൊരു സ്വപ്നമായിരുന്നില്ലെന്ന് ഉറപ്പിക്കാൻ പാടുപെടുകയായിരുന്നുവെന്ന് സുമേഷ് പറഞ്ഞു.