തൃശൂർ: മദ്യം ലഭിക്കാത്തതിൻ്റെ പേരിലുളള ആത്മഹത്യകൾ കൂടുമ്പോൾ മദ്യാസക്തിയിൽ നിന്നും പൂർണ്ണമായി വിമുക്തി നേടുവാനുളള അവസരമൊരുക്കാൻ മരുന്നും കൗൺസലിംഗുമായി ഭാരതീയ ചികിത്സാ വകുപ്പ്. മദ്യം നിറുത്തുമ്പോഴുളള വിറയൽ, ഉറക്കക്കുറവ്, അമിത ഉത്കണ്ഠ, ശ്രദ്ധക്കുറവ്, അമിത ദേഷ്യം, ദാഹം എന്നീ ലക്ഷണങ്ങൾ കുറയ്ക്കുവാൻ വീട്ടിൽ തന്നെ ഖർജൂരാദി മന്ഥം എന്ന മരുന്ന് തയ്യാറാക്കാമെന്ന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എൻ.വി ശ്രീവൽസ് അറിയിച്ചു.

തയ്യാറാക്കുന്ന വിധം: ഉണക്കമുന്തിരി കറുത്തത്: 30 ഈന്തപ്പഴം: 5 മാതളനാരങ്ങ: ഒരു പകുതി വാളൻപുളി : ഒരു നെല്ലിക്കാ വലിപ്പം പച്ചനെല്ലിക്ക : 5 ഇവ ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം മിക്‌സിയിൽ അടിച്ച് അരിച്ചെടുക്കുക. ഒരു ഗ്ലാസ്സ് ജ്യൂസ് വീതം രണ്ട് നേരം ഭക്ഷണത്തിന് മുമ്പ് കുടിക്കാം.

മാനസിക അസ്വസ്ഥതകൾ അനുഭവപ്പെടുന്നുവെങ്കിൽ ടെലികൗൺസലിംഗിനായി വിളിക്കാം: 0487 2334599.

സമയം 10- 4.

വിമുക്തി ആയുർവേദത്തിലൂടെ

''മദ്യപാനം മാനസിക രോഗമായി മാറുന്ന സാഹചര്യത്തിൽ ആണ് മദ്യ നിരോധനം നടപ്പിൽ വന്നത്. സ്ഥിരം മദ്യപാനികളിൽ മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളാണിത് ഉണ്ടാക്കുന്നത്. ഇതിന് പരിഹാരമായാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റേയും സഹായത്തോടെ ടെലി കൗൺസലിംഗ് നടപ്പിലാക്കുന്നത്.'' -

ഡോ. സലജകുമാരി, ജില്ലാ മെഡിക്കൽ ഓഫീസർ, ഭാരതീയ ചികിത്സാവകുപ്പ്