sinoj
പൊട്ടുവെള്ളരി വിളവെടുക്കുന്ന കെ.എസ്.സിനോജ്

മാള: മീനച്ചൂടിൽ വെന്തുരുകുന്ന മലയാളിക്ക് എന്നും കുളിരേകുന്ന പൊട്ടുവെള്ളരി വിൽപ്പന പൊട്ടിയതിൽ കർഷകർക്ക് വൻ തിരിച്ചടി. കൊറോണ വൈറസ് സമൂഹ വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൊട്ടുവെള്ളരി വിൽപ്പനയും നിലച്ചു. വിളവെടുക്കുന്ന സമയത്ത് കൃഷിയിടത്തിൽ കിടന്ന് നശിക്കുന്ന അവസ്ഥയിലാണ്.

കാലാവസ്ഥ അനുകൂലമായതോടെ മികച്ച വിളവാണ് ഇക്കുറി ലഭിച്ചത്. വഴിയോര കച്ചവടങ്ങൾ നിലച്ചതോടെ പൊട്ടുവെള്ളരി വിപണിക്ക് ലോക്ക് വീണു. കിലോഗ്രാമിന് 26 മുതൽ 30 രൂപ വരെ കിട്ടിയിരുന്നതാണ്. എന്നാൽ 15 രൂപയോളമാണ് മൊത്ത വിപണിയിലെ ഇപ്പോഴത്തെ വില.

മികച്ച രീതിയിൽ കൃഷി ചെയ്യുന്നതിന് ഏക്കറിന് 60,000 രൂപ ചെലവഴിച്ചിട്ടുണ്ട്. ഒരേക്കറിന് ശരാശരി എട്ട് മുതൽ 12 ടൺ വരെ വിളവും ലഭിക്കുന്നുണ്ട്. എന്നാൽ വിപണി ലോക്കായപ്പോൾ പൊട്ടുവെള്ളരി ഏറെക്കുറെ പൊട്ടി. പൊട്ടുവെള്ളരി പൊട്ടിത്തുടങ്ങിയാൽ സൂക്ഷിച്ചു വയ്ക്കാനും കഴിയില്ല. ഒന്നോ രണ്ടോ ദിവസത്തിനകം വിൽപ്പനയും ഉപയോഗവും ഉണ്ടായില്ലെങ്കിൽ ചീഞ്ഞുപോകുന്നതാണ് പൊട്ടുവെള്ളരി.

ലാഭം കൂടുതൽ ലഭിക്കുമെങ്കിലും നേരിടുന്ന പ്രധാന വെല്ലുവിളി ഇതാണ്. അടുത്ത മാസങ്ങളിൽ ഇനി വിളവെടുക്കാനുള്ളത് എന്താകുമെന്ന് ഒരു നിശ്ചയവുമില്ല. മറ്റു കൃഷികളെ അപേക്ഷിച്ച് പൊട്ടുവെള്ളരി ജനങ്ങൾക്ക് അവശ്യ സാധനമല്ലെങ്കിലും കർഷകരെ സംബന്ധിച്ച് മറ്റു വിളകളിൽ നിന്നുള്ള എല്ലാ കുറവുകളും പരിഹരിക്കാൻ സാദ്ധ്യതയുള്ളതാണ്. സാധാരണ വേനൽച്ചൂടിന് ശമനം ലഭിക്കുന്നതിന് കൂടുതൽ ആളുകളും പൊട്ടുവെള്ളരിയെ ആശ്രയിക്കാറുണ്ട്.

നഷ്ടം നികത്താൻ ഒരുക്കി, ഒടുവിൽ കൊറോണ ചതിച്ചു

ചെടിയുടെ കടയടക്കം പിഴുത് കളയാൻ തുടങ്ങിയപ്പോൾ നമ്മുടെ ഇരിങ്ങാലക്കുട കൂട്ടായ്മ അവശ്യ സേവനം ചെയ്യുന്നവർക്കായി കഴിഞ്ഞ ദിവസം 400 കിലോയോളം കൊണ്ടുപോയതാണ് ചെറിയ ആശ്വാസം. ഇനി നാല് ഏക്കറോളം സ്ഥലത്ത് വിളഞ്ഞുവരുന്നു. ഏപ്രിലിൽ അതും വിളവെടുക്കാം. ലോക്ക് ഡൗൺ കഴിയുന്നതുവരെ കാത്തിരിക്കാനാകില്ല. ഇനി അവസാനത്തെ ഒരേക്കർ സ്ഥലത്തെ വിളവെടുപ്പാണ് അടുത്ത മാസം അവസാനമാകുമ്പോൾ നടക്കാനുള്ളത്. ചില കൃഷികളിൽ പ്രളയത്തിനും അല്ലാതെയും ഉണ്ടായ നഷ്ടം ഒരു പരിധിവരെ നികത്താൻ പൊട്ടുവെള്ളരി സഹായിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിനിടെയാണ് കൊറോണയുടെ രൂപത്തിൽ അതും പൊലിഞ്ഞത്.

- കെ.എസ്. സിനോജ്, കർഷകൻ