varalakshmi-
വരലക്ഷ്മി കുപ്പികളിൽ അലങ്കാരം നടത്തുന്നു.

എരുമപ്പെട്ടി: ലോക്ക്‌ ഡൗൺ കാലത്ത് വരയുടെയും വർണ്ണങ്ങളുടെയും ലോകത്ത് തിരക്കിലാണ് വരലക്ഷ്മി. സ്കൂൾ അടച്ചെങ്കിലും പുറത്തിറങ്ങി കളിക്കാൻ കഴിയാത്ത ഈ സാഹചര്യം എങ്ങിനെ ഉപയോഗിക്കാമെന്ന് കാണിച്ച് തരുകയാണ് ഒമ്പതു വയസുകാരി വരലക്ഷ്മി. കുപ്പികളിൽ ചിത്രം വരച്ച് വർണ്ണം നൽകി അലങ്കരിച്ചാണ് ഈ കൊച്ചു മിടുക്കി ലോക്ക് ഡൗൺ ദിവസത്തെ വിരസതയകറ്റുന്നത്. ജില്ലാ ഒഫീഷ്യൽ റിസീവറായ പാഴിയോട്ടുമുറി ഇടുക്കാട്ടിൽ അഡ്വ.ഇ. പ്രജിത്ത് കുമാറിന്റെയും ശ്രീകൃഷ്ണ കോളേജ് അദ്ധ്യാപികയായ ഡോ. ഗായത്രി വിജയന്റെയും മകളാണ്. യൂ ട്യൂബിലെ വീഡിയോകളാണ് പ്രചോദനം.

ഗ്ലാസ് പെയ്ൻ്റിംഗിനായി ബോട്ടിലുകൾ ശേഖരിച്ചു. അക്വാട്ടിക് പെയ്ൻ്റും ബ്രഷും ഉപയോഗിച്ച് കുറേ ബോട്ടിലുകൾക്ക് വർണ്ണമേകി. അച്ഛൻ ഓഫീസിൽ കൊണ്ടുപോകുന്ന വാട്ടർ ബോട്ടിലിനെയും വെറുതെ വിട്ടില്ല. പേപ്പറുകൾ കാപ്പി പൊടിയിൽ മുക്കി വ്യത്യസ്ത നിറക്കൂട്ടുണ്ടാക്കിയും കളർ നൂലും കയറും ചുറ്റിയും വരലക്ഷ്മി കുപ്പികളെ അലങ്കരിച്ചു. മുന്തിരിക്കുലയുടെ തണ്ടുകളിൽ പെയ്ൻ്റ് ചെയ്ത് ചായക്കപ്പിൽ ഫ്ലവർ വേയ്സും തീർത്തിട്ടുണ്ട്. വീട്ടിൽ ഒഴിഞ്ഞുകിടക്കുന്ന കുപ്പികളും പാത്രങ്ങളും ഈ കുഞ്ഞു കരങ്ങളിലെത്തിയാൽ മനോഹരമായ അലങ്കാര വസ്തുക്കളായി മാറും. കലാകാരിയായ അമ്മയുടെ നിർദേശങ്ങളും അച്ഛൻ്റെ പ്രോത്സാഹനവും തുണയാകുന്നു.