തൃശൂർ: കൊറോണ വ്യാപനത്തിന് മുൻപും ശേഷവും എത്ര ഇതരസംസ്ഥാന തൊഴിലാളികൾ ജില്ലയിലുണ്ടെന്ന് കൃത്യമായ കണക്ക് ലഭ്യമല്ലെങ്കിലും ഇവരുടെ ക്യാമ്പുകൾക്ക് സവിശേഷ ശ്രദ്ധ നൽകാൻ ഭരണകൂടം ഒരുങ്ങുന്നു.
പതിനായിരത്തോളം തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുടെ ക്യാമ്പുകൾക്ക് ആയുർവേദ, ഹോമിയോ ഡോക്ടർമാരുടെ നേതൃത്വത്തിൽ ചുമതല നൽകി ചികിത്സയും പരിപാലനവും നടത്താനാണ് ശ്രമം. ഇതിൻ്റെ ഭാഗമായി ഡോക്ടർമാരുടെ നേതൃത്വത്തിൽ വിവരശേഖരണം തുടങ്ങി. രോഗപ്രതിരോധ മരുന്നുകളും ചികിത്സയും പരിചരണവുമെല്ലാം ഡോക്ടർമാരുടെ നേതൃത്വത്തിലുളള പ്രത്യേകസംഘം നൽകും. ക്യാമ്പുകളിൽ ശുചീകരണം നടത്താനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇന്നലെ കോട്ടയം പായിപ്പാട് ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ഇതരസംസഥാനക്കാരുടെ പ്രതിഷേധം ഉയരുന്നതിന് മുൻപേ തന്നെ കഴിഞ്ഞ ദിവസം ജില്ലയിൽ അവർക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു.
പക്ഷേ, തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തത് ഇവരെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ദുഷ്കരമാക്കുന്നു. തൊഴിൽ വകുപ്പിനും എണ്ണം സംബന്ധിച്ച് കൃത്യമായ ധാരണയില്ല. മാരകമായ പകർച്ചവ്യാധികൾ ഉണ്ടാകുമ്പോൾ, ഇത് വലിയ പ്രതിസന്ധി ഉയർത്തും.
അതേസമയം, തൊഴിലാളികളെ താമസസ്ഥലത്തു നിന്ന് ഇറക്കിവിടാൻ ശ്രമിച്ചാൽ നടപടിയെടുക്കണമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും കർണ്ണാടകയിലേക്കും നടന്നും സൈക്കിളിലും അതിർത്തി കടക്കുന്നതും പൊലീസിൻ്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
നാല് ലക്ഷം കവിഞ്ഞ് കേരളം
ലേബർ കമ്മിഷണറേറ്റിന്റെ കണക്കിൽ 3.95 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് റിപ്പോർട്ട്. കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും അടക്കം 34 ഇടങ്ങളിൽ നിന്നുള്ളവർ കേരളത്തിലുണ്ട്. പശ്ചിമബംഗാളിൽ നിന്നാണ് കൂടുതൽ പേർ. 1.65 ലക്ഷം പേരാണ് ഈ മേഖലയിൽ നിന്ന് എത്തിയിട്ടുള്ളത്. എന്നാൽ രജിസ്റ്റർ ചെയ്യപ്പെടാത്തവരായി ഇതിലേറെയുണ്ടാകും. തൃശൂർ ജില്ലയിൽ 34,000 ലേറെ പേരുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കൊറോണ ഭീതി ഉയർന്നതോടെ പകുതിയിലേറെപ്പേർ ജില്ല വിട്ടു.
..............
''ഭക്ഷണവും താമസവും സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്ന ഇടനിലക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്കുവേണ്ട എല്ലാ സഹായവും ലഭ്യമാക്കാൻ ശ്രമം തുടരുകയാണ്. ''
-ഡോ.ടി.വി.സതീശൻ, ജില്ലാ പ്രോഗ്രാം മാനേജർ, ആരോഗ്യകേരളം.