പാവറട്ടി: കൊവിഡ്19നെ ഭയന്ന് കാൽനടയായി സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് യാത്ര ആരംഭിച്ച പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം എഴുപതോളം പേരടങ്ങിയ സംഘത്തെ എളവള്ളി ഗ്രാമപഞ്ചായത്തും ആരോഗ്യ പ്രവർത്തകരും പൊലീസും ചേർന്ന് അവരുടെ താമസസ്ഥലത്തേക്ക് എത്തിച്ചു. ഇരുപതും ഇരുപത്തഞ്ചും വർഷമായി ചാവക്കാട് മണത്തല ജുമാമസ്ജിദിന് സമീപവും വിശ്വനാഥ ക്ഷേത്രത്തിന് സമീപവും താമസിച്ചിരുന്ന തമിഴ്‌നാട്ടുകാരാണ് അത്യാവശ്യ വീട്ടു സാധനങ്ങളും വസ്ത്രങ്ങളും അടങ്ങിയ ബാഗുകളുമായി രണ്ട് സംഘമായി തിരിഞ്ഞ് കാൽനടയായി യാത്ര ചെയ്തത്.
ശനിയാഴ്ച രാത്രി 9 മണിയോടെ പുവത്തൂർ താമരപ്പിള്ളിയിൽ എത്തിയ സംഘത്തെ ജോലിയുടെ ഭാഗമായി യാത്രയ്ക്കിടെ എളവള്ളി പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബുവും സംഘവും കണ്ടുമുട്ടിയതിനെ തുടർന്ന് എളവള്ളി പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരം അറിയിച്ചു. തുടർന്ന് പാവറട്ടി പൊലീസും ഡ്യൂട്ടി കഴിഞ്ഞ് പോകുകയായിരുന്ന ചാവക്കാട് സി.ഐ. അനിൽ മേപ്പള്ളിയും സംഭവസ്ഥലത്തെത്തി ഇവരോട് കാര്യങ്ങൾ തിരക്കിയതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവരെ ബോധവത്ച്ചു.
തുടർന്ന് സി.പി.എം ചിറ്റാട്ടുകര ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, കളക്ടർ എസ്. ഷാനവാസുമായി ബന്ധപ്പെട്ട് മൂന്ന് ആംബുലൻസുകളിൽ രണ്ട് തവണയായി പൊലീസ് എസ്‌കോർട്ടോടെ താമസ സ്ഥലത്തേക്ക് എത്തിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെയും സന്നദ്ധ പ്രവർത്തകരെയും വിവരം അറിയിച്ചു. പഞ്ചായത്ത് സെക്രട്ടറി തോമസ് ഏലിയാസ് രാജൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, പൊലീസ് ഉദ്യോഗസ്ഥർ, ലോക്കൽ സെക്രട്ടറി പി.ജി. സുബിദാസ്, ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ആഷിക്ക് വലിയ കത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. സദാനന്ദൻ, യൂത്ത് കോ- ഓർഡിനേറ്റർ സഞ്ജു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.