വടക്കേക്കാട്: വിശപ്പുരഹിത പുന്നയൂർക്കുളം പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികളെയും കൈവിടില്ല എന്ന മുദ്രാവാക്യവുമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. കൊവിഡ് 19 ന്റെ ഭാഗമായി തൊഴിലില്ലാതെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണി കിടക്കുന്ന 18 തൊഴിൽ ക്യാമ്പിലുള്ളവർക്കാണ് ഭക്ഷ്യധാന്യങ്ങൾ നൽകിയത്. ഒരാഴ്ചത്തേക്ക് ആവശ്യമായ അരി, പയറുവർഗങ്ങൾ, പച്ചക്കറി സാധനങ്ങൾ, പരിപ്പ്, മസാലക്കൂട്ടുകൾ, ബ്രെഡ് എന്നിവയാണ് വിതരണം ചെയ്തത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിലെ ശുചിത്വ പരിശോധനയും രോഗ പ്രതിരോധ അവബോധ പ്രവർത്തനങ്ങളും നടത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.ഡി. ധനീപ്, പഞ്ചായത്ത് സെക്രട്ടറി ഇ.പി. ഷിബു ദാസ്, രഘുനാഥ്, വിനു തുടങ്ങിയവർ ചേർന്നാണ് വിതരണം നടത്തിയത്.