മാള: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പാൽ വിൽപ്പന കുത്തനെ കുറഞ്ഞ് സംസ്ഥാനത്ത് ദിനംപ്രതി ഒന്നര ലക്ഷം ലിറ്ററോളം പാൽ കെട്ടിക്കിടക്കുന്നു.

സംസ്ഥാനത്ത് പാൽപ്പൊടി നിർമ്മാണത്തിന് സൗകര്യം ഇല്ലാത്തതിനാൽ എറണാകുളം, മലബാർ മേഖലകളിലാണ് രൂക്ഷമായ പ്രതിസന്ധി.
പാൽ വിൽപ്പന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം കുറച്ചതും ജനങ്ങൾ പുറത്തിറങ്ങാത്തതു മൂലം കഴിഞ്ഞ 22 മുതലാണ് പാൽ വിൽപ്പന കുത്തനെ കുറഞ്ഞത്. മലബാർ മേഖലയിൽ ദിനംപ്രതി ഒന്നര ലക്ഷത്തോളം ലിറ്റർ പാലാണ് കൂടുതലുള്ളത്. എറണാകുളം മേഖലയിൽ 930 ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ നിന്നായി സംഭരിക്കുന്ന പാലിൽ 60,000 ലിറ്ററാണ് കൂടുതലുള്ളത്. എറണാകുളം മേഖലയിൽ വിവിധ പ്ലാന്റുകൾക്ക് 7.5 ലക്ഷം ലിറ്റർ സംഭരണ ശേഷിയാണുള്ളത്. 28 വരെ ആറര ലക്ഷം ലിറ്റർ പ്ലാന്റുകളിൽ കെട്ടിക്കിടക്കുന്നു. ഈ മാസം 22 വരെ എറണാകുളം മേഖലയിൽ പാൽ തികയാത്തതിനാൽ ദിനംപ്രതി 40,000 ലിറ്റർ പാൽ ഇതര സംസ്ഥാനത്ത് നിന്ന് കൊണ്ടുവരികയായിരുന്നു.

എറണാകുളം മേഖലയിൽ കട്ടപ്പന, ചാലക്കുടി, കോട്ടയം, മൂവാറ്റുപുഴ, തൃശൂർ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. പാൽപ്പൊടി നിർമ്മിക്കാനായി തമിഴ്‌നാട്ടിലേക്ക് പാൽ കൊണ്ടുപോയാൽ ലിറ്ററിന് അവിടെ നാല് രൂപയും വാഹന വാടകയും ചെലവാക്കേണ്ടി വരും. തിരുവനന്തപുരം മേഖലയിൽ ഇപ്പോഴും പാലിന്റെ ലഭ്യത കുറവാണ്. അവിടെ ദിനംപ്രതി 60,000 ലിറ്ററിന്റെ കുറവുണ്ട്. ആ കുറവ് നികത്താൻ മലബാർ മേഖലയിൽ നിന്ന് കൊണ്ടുപോകുന്നുമുണ്ട്. ആലപ്പുഴയിൽ ഉണ്ടായിരുന്ന പാൽപ്പൊടി നിർമ്മാണ ഫാക്ടറി പൂട്ടിക്കിടക്കുകയാണ്. ഫാക്ടറി തുടങ്ങുന്നതിന് ഏകദേശം 20 കോടി മുതൽ മുടക്കേണ്ടിവരും.

............................

പ്രാദേശിക വിൽപ്പന വർദ്ധിപ്പിക്കാൻ ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എറണാകുളം മേഖലയിൽ സന്നദ്ധ പ്രവർത്തകർക്കും പൊലീസുകാർക്കും സൗജന്യമായി സംഭാരം വിതരണം ചെയ്യുന്നുണ്ട്. ഇന്നലെ മുതൽ പൊലീസുകാർക്ക് ക്യാമ്പുകൾ അടക്കമുള്ള സ്ഥലത്ത് ജോലിക്കുള്ളവർക്ക് ചായ നൽകുന്നതിനായി മിൽമ പാൽ നൽകുന്നുണ്ട്. സർക്കാർ ആനുകൂല്യം ലഭിക്കാതെ പിടിച്ചുനിൽക്കാനാകില്ല. മിൽമ ഷോപ്പികളുടെ പ്രവർത്തന സമയം രാത്രി ഒമ്പത് വരെ ദീർഘിപ്പിക്കണമെന്ന് മന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ജോൺ തെരുവത്ത്.
മിൽമ എറണാകുളം മേഖലാ ചെയർമാൻ