തൃപ്രയാർ: തേവരുടെ പ്രസിദ്ധമായ മകീര്യം പുറപ്പാട് ദിവസമാണിന്ന്. എന്നാൽ പതിവിന് വിപരീതമായി ഇക്കുറി സങ്കടക്കാരായ ഭക്തരുടെ ആധിക്യം മൂലം മകീര്യം പൂരം പുറപ്പാട് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. കൊടിമരമില്ലാത്ത ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് പടഹാദി കൊട്ടിപ്പുറപ്പെടുകയാണ് പതിവ്. പൂരം പുറപ്പാട് ദിവസം മണ്ഡപത്തിൽ പറയും ബ്രാഹമണിപ്പാട്ടും കഴിഞ്ഞ് തേവരെ പുറത്തേക്കെഴുന്നള്ളിക്കുന്നതിന് മുമ്പായി സങ്കടക്കാരുണ്ടോ എന്ന് ചോദിക്കുന്ന പതിവുണ്ടായിരുന്നവത്രെ. എന്നാൽ ഇന്ന് അപ്രകാരം വിളിച്ചുചോദിക്കലൊന്നുമില്ലെങ്കിലും പ്രാർത്ഥനകൾ ഭഗവാൻ പ്രത്യേകം കേട്ട് അവ നിവർത്തിച്ചു നൽകുമെന്നാണ് വിശ്വാസം. തേവർ പുറത്തേക്ക് എഴുന്നള്ളുകയില്ലെന്നതാണത്രെ നിഷ്ഠ. ഇത്തവണ തേവർ നിഷ്ഠ അക്ഷരാർത്ഥത്തിൽ പാലിക്കുന്ന മട്ടാണ്. സങ്കടക്കാരായ ഭക്തരുടെ ആധിക്യം മൂലം പൂരച്ചടങ്ങുകൾ പൂർണ്ണമായി വേണ്ടെന്ന് വച്ചു. ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിച്ചുവരുന്നത് തൃപ്രയാർ തേവരാണ്. പൂരത്തിന് ഏഴ് ദിവസം മുമ്പാണ് മകീര്യം പുറപ്പാട് നടത്താറ്. പുറപ്പാട് ദിവസം മണ്ഡപത്തിൽ പറയും ബ്രാഹ്മണിപ്പാട്ടും നടക്കും. തുടർന്ന് തേവരുടെ തിടമ്പ് മൂന്ന് ആനകളുടെ അകമ്പടിയോടെ മതിൽക്കെട്ടിനകത്തും തുടർന്ന് അഞ്ച് ആനകളോടെ സേതുകുളത്തിൽ ആറാട്ടിനായും പുറപ്പെടും. തുടർന്ന് നടക്കുന്ന പാണ്ടിമേളവും ചെമ്പിലാറാട്ടും എല്ലാം ഇത്തവണ ഓർമ്മകളിൽ മാത്രമായി അവശേഷിക്കുന്നു.