തൃശൂർ: വിദേശ യാത്ര കഴിഞ്ഞു നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്ക് ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചു. ഇതിനോടകം തന്നെ ഇയാളുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ഞായറാഴ്ച്ച ലഭിച്ച 9 പരിശോധനാ ഫലങ്ങളിൽ ഈ ഒരെണ്ണം ഒഴികെ 8 എണ്ണവും നെഗറ്റീവാണ്. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 7 ആയി.
ഇതിൽ രണ്ടു പേർ നേരത്തെ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ച് പേരാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളളത്. 39 സാമ്പിളുകൾ ഞായറാഴ്ച പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 649 പേരുടെ സാമ്പിളുകൾ അയച്ചതിൽ 586 എണ്ണത്തിന്റെ ഫലം വന്നിട്ടുണ്ട്. 63 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 14,935 ആയി.
വീടുകളിൽ 14,896 പേരും ആശുപത്രികളിൽ 39 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഞായറാഴ്ച പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എട്ട് പേരെ വിടുതൽ ചെയ്തു. 514 പേരെ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാക്കി. 204 പേരെ നിരീക്ഷണ കാലഘട്ടം കഴിഞ്ഞതിനെ തുടർന്ന് ഒഴിവാക്കി.. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 345 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിംഗ് തുടരുകയാണ്. ജില്ലയിൽ ഇതുവരെയുള്ള പോസിറ്റീവ് കേസുകളെല്ലാം വിദേശത്തു നിന്നു വന്നവർക്കാണുണ്ടായത്. അതിനാൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ മറ്റാരുമായും സമ്പർക്കമുണ്ടാക്കാതെ കഴിയണം.