ചാവക്കാട്: ഇന്നലെ നടക്കാനിരുന്ന 23-ാം പാലയൂർ മഹാതീർത്ഥാടനത്തിന്റെ ഓർമ്മയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ ഭീതിയിൽ വിവിധ ക്യാമ്പുകളിൽ കഴിയുന്നവർക്കായി നിത്യോപയോഗ സാധനങ്ങൾ പാലയൂർ മാർത്തോമ മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിതരണം ചെയ്തു. ചാവക്കാട് നഗരസഭയുടെ കീഴിലെ മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും ഗുരുവായൂർ നഗരസഭയുടെ കീഴിലെ ഗവ. യു.പി സ്‌കൂളിലുമുള്ള ക്യാമ്പുകളിലാണ് തീർത്ഥകേന്ദ്രത്തിലെ സോഷ്യൽ വെൽഫയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ബെഡ്ഷീറ്റ്, ഷർട്ട്, മുണ്ട്, തോർത്ത്, സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷ് തുടങ്ങിയ വസ്തുക്കൾ നൽകിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ മാറ്റിവച്ച പാലയൂർ മഹാ തീർത്ഥാടനത്തിന്റെയും മേജർ ആർക്കി എപ്പിസ്‌കോപ്പൽ പദവി പ്രഖ്യാപനത്തിന്റെയും ഓർമ്മയ്ക്കായി സമൂഹ നന്മയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് കരിപ്പേരിയുടെ ആശയമാണ് കാൽ ലക്ഷത്തോളം രൂപയുടെ വസ്തുക്കൾ വിതരണം ചെയ്തത്. ചാവക്കാട് നഗരസഭയുടെ മണത്തല ക്യാമ്പിൽ വച്ച് ചെയർമാൻ എൻ.കെ. അക്ബർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എച്ച്. അക്ബർ, കൗൺസിലർമാരായ പി.വി. പീറ്റർ, ജോയ്‌സി ആന്റണി എന്നിവരും ഗുരുവായൂർ നഗരസഭയുടെ ഗവ. യുപി സ്‌കൂൾ ക്യാമ്പിൽ വച്ച് നഗരസഭാ ചെയർപേഴ്‌സൺ എം. രതി ടീച്ചർ, വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ എന്നിവരും ആർച്ച് പ്രീസ്റ്റ് ഫാ. വർഗീസ് കരിപ്പേരിയിൽ നിന്നും നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകൾ ഏറ്റുവാങ്ങി.
സഹ വികാരി ഫാ. അനു ചാലിൽ, സെക്രട്ടറിമാരായ സി.കെ. ജോസ്, ജോയ് ചിറമ്മൽ, കൈക്കാരന്മാരായ സി.ഡി. ഫ്രാൻസിസ്, കെ.ടി. വിൻസെന്റ്, പ്രവർത്തകരായ ബിജു മുട്ടത്ത്, ജിയോ ചെമ്മണ്ണൂർ, അഹറോൻ ആന്റണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.