വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിലെ ഇടതുകര മെയിൽ കനാലിൽ കൂടിയുള്ള ജലവിതരണം തുടരുന്നതായി ജലസേചന വകുപ്പ് അറിയിച്ചു. നിലവിൽ വാഴാനി ഡാമിൽ 5.34 എം.എം ഉപയോഗിക്കാവുന്ന വെള്ളമുണ്ട്. വേനലിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ജലവിതരണം നടത്തുന്നത്.

39.20 കിലോമീറ്റർ ദൈർഘ്യമുള്ള പ്രധാന കനാലിന്റെ ചൂണ്ടൽ പഞ്ചായത്തിൽപ്പെടുന്ന വാലറ്റത്ത് വെള്ളം എത്തിച്ചു കഴിഞ്ഞു. മുണ്ടൂർ ബ്രാഞ്ച് കനാലിലേക്കുള്ള ജലവിതരണമാണ് ഇപ്പോൾ നടക്കുന്നതു്. ഇന്ന് കുമ്പളങ്ങാട് പ്രദേശം ഉൾപ്പെടുന്ന പാർളിക്കാട് ബ്രാഞ്ച് കനാലിലും കുറാഞ്ചേരി കനാലിലും വെള്ളം തുറന്നു വിടും.

പുഴയിൽ നിലവിലുള്ള ചിറകളിൽ വെള്ളം സംഭരിക്കുന്നതിന് വേണ്ടിയാണ് പുഴയിലൂടെ വെള്ളം തുറന്നുവിടുന്നത്. ചിറകളിലെ അധിക ജലം താഴേക്ക് ഒഴുകുന്ന ഭാഗങ്ങളിൽ ജലം ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.