വടക്കാഞ്ചേരി: നഗരസഭയിൽ അനിൽ അക്കര എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന്റെ സാന്നിദ്ധ്യത്തിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നു മാത്രം ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും പകർച്ചവ്യാധികൾ സാദ്ധ്യത ഒഴിവാക്കാൻ വേണ്ടിയാണ് തീരുമാനം. റാപ്പിഡ് റെസ്‌പോൻസ് ടീമുകളുടെ രൂപീകരണം ഉടൻ പൂർത്തിയാക്കും. ഒരു വാർഡിൽ ഭക്ഷണ വിതരണം മാത്രമായി നിജപ്പെടുത്തും. മരുന്നു വിതരണത്തിന് രണ്ടു പേർ മാത്രമാകും പ്രവർത്തിക്കുക. യോഗത്തിൽ നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, കൗൺസിലർമാർ, ആരോഗ്യവകുപ്പ്, പൊലീസ് എന്നിവർ പങ്കെടുത്തു.