പാവറട്ടി: ഒമാനിലെ ബുറൈമിയിൽ മലയാളി യുവാവ് വെട്ടേറ്റ് മരിച്ചു. തൃശൂർ, എളവള്ളി പുവ്വത്തൂർ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിന് സമീപം താമസിക്കുന്ന കൊണ്ടരപ്പശ്ശേരി രാജന്റെ മകൻ രാജേഷാണ് (35) മരിച്ചത്. തലയ്ക്കു മാരകമായ മുറിവേറ്റാണ് മരണം.
റൂമിലെ താമസസൗകര്യം സംബന്ധിച്ച വാക്ക് തർക്കമുണ്ടായപ്പോൾ തമിഴ്‌നാട് സ്വദേശി പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെ പാക്കിസ്ഥാൻ സ്വദേശി ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിൽ മുറിവുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.
രാജേഷിനൊപ്പം മുറിയിൽ താമസിച്ചു വന്നിരുന്ന പാകിസ്ഥാൻ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസം മുമ്പാണ് ഇയാൾ അവസാനമായി നാട്ടിലെത്തിയത്. അമ്മ: ഗീത. ഭാര്യ: വിജിഷ. മക്കൾ: ധനുനിർവേദ് ( 4 വയസ് ), വിശ്രാലി (10 മാസം). മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ നാട്ടിലെത്തിക്കാനാകില്ല.
സംഭവത്തെക്കുറിച്ച് റോയൽ ഒമാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജേഷ് അൽ റാമോസ് അൽ അറേബ്യ എന്ന കമ്പനിയിലെ ഫയർ ആൻഡ് സേഫ്റ്റി ഫോർമാനാണ്. ഒമാനിലെ സാമൂഹിക സംഘടനയായ കൈരളിയുടെ കേന്ദ്ര സെക്രട്ടറി രാജു മരക്കാത്തിന്റെ നേതൃത്വത്തിൽ മസ്‌കറ്റിലെ മലയാളികൾ എല്ലാ സഹായവുമായി രംഗത്തുണ്ട്. കൊറോണ ലോക്ഡൗണിന്റെ സാഹചര്യത്തിൽ മൃതദ്ദേഹം നാട്ടിലെത്തിക്കാൻ സാധിച്ചില്ലെങ്കിൽ അവിടെ സോഹറിൽ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കൈരളിയുടെ പ്രവർത്തകർ അറിയിച്ചു.