കയ്പമംഗലം: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി കയ്പമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു . എല്ലാ പഞ്ചായത്തുകളിലും ക്വാറന്റൈൻ കേന്ദ്രങ്ങൾ ഒരുക്കി ഓരോ കേന്ദ്രത്തിലും കുറഞ്ഞത് 20 കിടക്കൾ എന്ന നിലയിൽ മൊത്തം 200 ഓളം കിടക്കകൾ സജ്ജീകരിക്കാനാകും എന്ന് എം.എൽ.എ.പറഞ്ഞു. ഓരോ കേന്ദ്രത്തിനും സ്ഥിതി ചെയ്യുന്ന വാർഡിലെ മെമ്പർ, ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ അംഗങ്ങൾ വീതം നാലുപേരടങ്ങുന്ന ടീമിനായിരിക്കും ചുമതല. എം.എൽ.എയുടെ നേതൃത്വത്തിൽ ബി.ഡി.ഒ കേന്ദ്രങ്ങളുടെ ചുമതല വഹിക്കും. യോഗത്തിൽ കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം കൃത്യമായ നിർദ്ദേശം പാലിച്ച് പ്രവർത്തിപ്പിക്കണമെന്നും ഒരേ പോലെയുള്ള ഭക്ഷണരീതി പിന്തുടരണമെന്ന് എം.എൽ.എ അറിയിച്ചു. അടുക്കളയിൽ മുൻകൂർ നിശ്ചയിച്ച പ്രകാരമുള്ള ആളുകൾ വളണ്ടിയർമാരായി കിച്ചണിൽ നിൽക്കണം. എം.എൽ.എ യോടൊപ്പം മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, ബി.ഡി.ഒ വിനീത സോമൻ അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ സൂപ്രണ്ടുമാർ, സ്റ്റേഷൻ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.