നൂറാം കോൽ
വ്യത്യസ്ത നീളങ്ങളിലുള്ള മൂന്നു തരം ഈർക്കിലുകളാണ് ഈ കളിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ചോളം നീളത്തിലുള്ള പത്ത് എണ്ണവും. ആറിഞ്ചോളം നീളത്തിൽ രണ്ടെണ്ണവും പത്തിഞ്ചോളം നീളമുള്ള ഒരീർക്കിലുമാണ് കളിക്കു വേണ്ടത്. ഓരോ തരം ഈർക്കിലിനും വ്യത്യസ്ത വിലയാണ്. ചെറിയ ഈർക്കലിനു 10ഉം ഇടത്തരത്തിന് 50ഉം ഏറ്റവും വലിയ ഒരു ഈർക്കലിന് 100ഉം ആണ് വില. ഈ ഈർക്കിലുകൾ പകുത്ത് കുരിശുരൂപത്തിൽ പിടിച്ച് നിലത്തേക്ക് ചെറിയ ശക്തിയിൽ ഇടും. ചിതറിക്കിടക്കുന്ന ഈർക്കിലുകൾ മറ്റ് ഈർക്കിലുകൾ അനങ്ങാതെ സൂക്ഷ്മതയോടെ ഓരോന്നായി എടുക്കണം. ഏറ്റവും വലിയ ഈർക്കിലിനു മുകളിൽ ഒരു ഈർക്കിലെങ്കിലും വന്നില്ലെങ്കിൽ ആ കളിക്കാരൻ അവസരം അടുത്ത കളിക്കാരന് കൈമാറണം. നിലത്ത് വീണിരിക്കുന്ന ഈർക്കിലുകൾ ഒരോന്നായി മറ്റുള്ള ഈർക്കിലുകൾ അനങ്ങാതെ എടുക്കണം. പുറത്തേക്ക് ഒറ്റയായി തെറിച്ചു വീണിരിക്കുന്ന ഈർക്കിലുകളെ ആദ്യം കൈക്കലാക്കുന്നു. പിന്നീട് ഏതെങ്കിലും ഈർക്കിൽ ഉപയോഗിച്ച് സൂക്ഷ്മതയോടെ മറ്റു ഈർക്കിലുകളെ തള്ളി മാറ്റി പുറത്തെടുക്കണം. കൂടെയുള്ള കളിക്കാർ ഈർക്കിൽ അനങ്ങുന്നുണ്ടോ എന്നു നിരീക്ഷിക്കും. അനങ്ങിയാൽ കളിനിർത്തി അടുത്തയാൾക്കു കളിക്കാം. സ്വന്തമായി കിട്ടിയ ഈർക്കിലിന്റെ വില കൂട്ടി വയ്ക്കും. മുഴുവൻ ഈർക്കിലുകളും എടുക്കാനായാൽ 300 വില ആ കളിക്കാരനു ലഭിക്കും. എല്ലാ ഈർക്കിലും അനങ്ങാതെ എടുത്താൽ തുടർന്നു കളിക്കാം.
അത്തള പിത്തള തവളാച്ചി
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വീട്ടിലിരിരുന്ന് കളിക്കാവുന്ന കളിയാണ് നാട്ടിൻ പുറങ്ങളിൽ പറയുന്ന അത്തള പിത്തള തവളാച്ചി. കളിക്കാരുടെ കൂട്ടത്തിലെ ഒരു നേതാവായിരിക്കും കളി നിയന്ത്രിക്കുക. പാട്ടിന്റെ താളമനുസരിച്ച്, വട്ടത്തിൽ നിരത്തിവച്ചിരിക്കുന്ന കൈകളെ പ്രദക്ഷിണദിശയിൽ നേതാവ് എണ്ണും. പാട്ട് അവസാനിക്കുന്ന സമയത്ത് എണ്ണി തൊടുന്ന കൈ കമിഴ്ന്നാണിരിക്കുന്നതെങ്കിൽ അതിനെ മലർത്തിവയ്ക്കും. മലർന്നിരിക്കുകയാണെങ്കിൽ ആ കൈ കളിയിൽ നിന്ന് പുറത്താകും. അതിനുശേഷം തൊട്ടടുത്ത കൈയിൽ നിന്ന് പാട്ട് വീണ്ടും തുടരും. അവസാനം ഒരാളുടെ കൈ മാത്രം അവസാനിക്കുന്ന വരെ കളി തുടരും. എണ്ണുന്ന നേതാവിന് തുടക്കത്തിൽ രണ്ടു കൈയും കളത്തിൽ കമഴ്ത്തിവക്കാൻ സാധിക്കാത്തതുകൊണ്ട് അയാളുടെ ഒരു കൈ കൂടി കളത്തിലുണ്ടെന്ന് സങ്കൽപ്പിച്ചാകും കളി തുടങ്ങുക.
പാട്ട് ഇങ്ങനെ
അത്തള പിത്തള തവളാച്ചി
ചുക്കുമരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്
സിനിമ പേര് കളി
ഇപ്പോഴും യുവാക്കൾ വരെ കളിക്കുന്ന കളിയാണ് സിനിമ പേര് പറഞ്ഞുള്ള കളി. സിനിമാ പേരിന്റെ ആദ്യ അക്ഷരം എടുത്താണ് അടുത്ത സിനിമ പേര് പറയേണ്ടത്. ഉദാഹരണത്തിന് രക്തം എന്ന് പറഞ്ഞാൽ അതിലെ ആദ്യ അക്ഷരമായ രയിൽ തുടങ്ങുന്ന മറ്റൊരു സിനിമ പേരായ രക്തരക്ഷസ് എന്ന് പറയണം.
അന്താക്ഷരിയും ആദ്യക്ഷരിയും
ഇതേ രീതിയിൽ സിനിമാ പാട്ട് പാടിയും കളിക്കാം. ഗ്രൂപ്പായി തിരിഞ്ഞും ഈ കളി കളിക്കാം. സിനിമ പേര് പറയും പോലെ സിനിമാപാട്ടിന്റെ ആദ്യ അക്ഷരമോ പാട്ട് അവസാനിക്കുന്ന വാക്കിലെ ആദ്യ അക്ഷരമോ എടുത്ത് അതിൽ നിന്ന് തുടങ്ങുന്ന പാട്ടാണ് എതിർടീം പാടേണ്ടത്.