photo

മാള: കൊട്ടില്ല,​ കുരവയിട്ടില്ല,​ കാമറ മിന്നിയില്ല... എന്തിന്,​ അയൽക്കാർ പോലും അറിഞ്ഞില്ല. വരണമാല്യം ഒന്ന് അങ്ങോട്ടും ഒന്ന് ഇങ്ങോട്ടും. ഒരു സെൽഫി. കല്യാണച്ചടങ്ങു കഴിഞ്ഞു. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സാമൂഹിക അകലം പാലിച്ച് ഒരു വിവാഹച്ചടങ്ങ്. കല്യാണച്ചെലവ് അഞ്ചു ലക്ഷം പ്രതീക്ഷിച്ചിരുന്നിടത്ത് മൂവായിരം കൊണ്ട് എല്ലാം ശുഭം.

മാള വടമ വെന്മനശേരി വി.എസ് കർണൽ സിംഗ് - സുജാത ദമ്പതികളുടെ മകൾ അമിതയുടെയും കുരുവിലശ്ശേരി കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകൻ അർജുന്റെയും വിവാഹം ലോക്ക് ഡൗൺ മുഹൂർത്തത്തിലും സുന്ദരം. ഇരുവരും ഡോക്‌ടർമാർ. ബന്ധുക്കളായ ഇരു കുടുംബങ്ങളും ഒരു വർഷം മുമ്പ് നിശ്ചയിച്ചതാണ് വിവാഹം. ഒന്നര മാസം മുമ്പേ വിവാഹത്തിന് ഒരുക്കവും തുടങ്ങി. എല്ലാം കഴിഞ്ഞപ്പോഴാണ് കൊറോണ വൈറസും ലോക്ക് ഡൗണും. പിന്നെ ഒന്നും ആലോചിച്ചില്ല, വിവാഹം മാറ്റിവച്ചു.

അന്നു മാറ്റിവച്ച വിവാഹം ഇന്നലെ നടത്താൻ തീരുമാനിച്ചത് തലേന്ന്. വീട്ടിലിരുന്ന ആഭരണങ്ങളും വസ്ത്രങ്ങളുമണി‍ഞ്ഞ് മണവാ

ട്ടി ഒരുങ്ങി. വരന്റെ വീട്ടിൽ നിന്ന് അഞ്ചു പേരും വധുവിന്റെ വീട്ടിലെ അഞ്ചു പേരും സാക്ഷ്യം വഹിച്ച് താലികെട്ട്. വധൂഗൃഹത്തിൽ,​ ഗുരുദേവ ചിത്രത്തിനു മുന്നിൽ പ്രാർത്ഥനയോടെ നിന്ന് ഇരുവരും മാല ചാർത്തി. പത്തു പേരും സമൂഹ അകലം പാലിച്ച് ഭക്ഷണം കഴിച്ചു. വരൻ വധുവിനെയും കൊണ്ട് പോയ ശേഷമാണ് അയൽക്കാർ തന്നെ വിവരമറിഞ്ഞത്. ഡോ. അമിതയും ഡോ. അർജുനും ഇനി പി.ജി പഠനത്തിനുള്ള ഒരുക്കത്തിലാണ്.