തൃശൂർ: ലോക്ക് ഡൗണോടെ മത്സ്യമേഖല പ്രതിസന്ധിയിൽ. ചൂണ്ടക്കാരും മത്സ്യക്കൃഷിക്കാരുമാണ് മത്സ്യവിപണിക്ക് അൽപ്പമെങ്കിലും കരുത്ത് പകരുന്നത്. കൊടുങ്ങല്ലൂർ അഴീക്കോട് അടക്കം ചൂണ്ടക്കാർക്ക് ലഭിക്കുന്ന കേരയാണ് ജില്ലയിൽ ഇപ്പോൾ ലഭിക്കുന്ന ഏക മീൻ ഇനം. ഇതിന് വിവിധ ഇടങ്ങളിൽ വിവിധ വിലയാണ്.
260 മുതൽ 300 രൂപവരെയാണ് ചെറുകിട വില. ഓലക്കൊടി മത്സ്യവും ചൂണ്ടയിൽ തടയുന്നുണ്ട്. കിലോക്ക് 260 രൂപയാണ് വില. ആന്ധ്ര അടക്കം വിവിധ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേര അടക്കം ചെറിയനിലയ്ക്ക് എത്തുന്നുണ്ട്. എന്നാലിതിനെ ആശ്രയിക്കാനാവില്ല. മത്സ്യ കർഷകരെയാണ് പല മത്സ്യവിപണിയും ആശ്രയിക്കുന്നത്. വലിയ ഞാരൻ ചെമ്മീന് 400 രൂപയാണ് വില. ഇടത്തരം ചൂടൻ ചെമ്മീന് 260 രൂപയുണ്ട് വില. മറ്റു മത്സ്യങ്ങളൊന്നും കിട്ടാനില്ല. രാവിലെ വരുന്ന മത്സ്യം വൈകീട്ടോടെ വിറ്റുപോകുന്ന അവസ്ഥയാണ്. ഇടത്തട്ടുകാരിൽ നിന്നും വാങ്ങി ഗ്രാമപ്രദേശങ്ങളിൽ സൈക്കിളുകളിലും ബൈക്കുകളിലും അടക്കം കൊണ്ടുവന്നു വിൽക്കുന്നവരും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വീട്ടിൽ ഇരിക്കുകയാണ്.