കൊടുങ്ങല്ലൂർ: നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താനും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ എ.ടി.എം സ്ഥാപിക്കാനും ബഡ്ജറ്റ് എസ്റ്റിമേററിൽ നിർദ്ദേശം. 2020-21 ലെ ബഡ്ജറ്റ് എസ്റ്റിമേറ്റും 2019 -20 ലെ പുതുക്കിയ ബഡ്ജറ്റും വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ അവതരിപ്പിച്ചു. നഗരസഭ ഓഫീസ് സമുച്ചയം നിർമ്മിക്കുവാനും നിർദ്ദേശമുണ്ട്. പാലിയേറ്റീവ് കെയറിന് 28 ലക്ഷം രൂപയും വയോജനക്ഷേമത്തിന് 14.5 ലക്ഷവും നീക്കിവച്ചിട്ടുണ്ട്.

രണ്ട് ബസ് സ്റ്റാൻഡുകളും സംയോജിപ്പിച്ച് വിപുലപ്പെടുത്തും. നഗരസഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും സോളാർ പാനൽ സ്ഥാപിക്കും. വനിതകൾക്കായി നീന്തൽ, ഡ്രൈവിംഗ്, കായിക പരിശീലനവും ഹെൽത്ത് ക്ളബ്ബും ആരംഭിക്കും. പുരുഷന്മാർക്കായി പബ്ലിക് ജിംനേഷ്യം, യുവാക്കൾക്ക് വിവിധ ഗെയിംസ് പരിശീലനവും നടത്തും.

പുല്ലൂറ്റ് വില്ലേജിൽ മെഡിക്കൽ സബ് സെന്റർ, 3 കോടി രൂപ ചെലവിൽ ചാപ്പാറയിൽ പ്ളാനറ്റോറിയവും കെ.കെ.ടി.എം ഗവ. കോളേജിൽ ഇൻഡോർ സ്റ്റേഡിയവും നഗരത്തിൽ നാലിടത്ത് വിശപ്പ് രഹിത കേന്ദ്രങ്ങളും തുടങ്ങും. നിലവിൽ നൽകുന്ന 1081 വീടുകൾ കൂടാതെ ഭവനരഹിതർക്ക് 104 വീടുകൾ കൂടി നിർമ്മിച്ച് നൽകും. കൊറോണ വൈറസ് വ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ അംഗങ്ങളുടെ ചർച്ചകൾ ഒഴിവാക്കി. നിർദ്ദേശങ്ങളും ഭേദഗതികളും എഴുതി നൽകാവുന്നതാണെന്ന് അദ്ധ്യക്ഷത വഹിച്ച ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു.

........................

112.70 കോടി രൂപ അടങ്കൽ

109.44 കോടി രൂപ ചെലവ്

3.26 കോടി രൂപ നീക്കിയിരുപ്പ്

............................

കൃഷിക്ക് 35.10 ലക്ഷം

ദുരന്തനിവാരണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് 90 ലക്ഷം

പട്ടികജാതി വികസനത്തിന് 1.72 കോടി
കൊറോണ പ്രതിരോധം, താലൂക്കാശുപത്രിയുൾപ്പെടെ ആരോഗ്യ മേഖലയ്ക്ക് 1.82 കോടി

കുടിവെള്ളത്തിന് 17 ലക്ഷം

ഭിന്നശേഷിക്കാർക്ക് 50 ലക്ഷം

മാലിന്യ സംസ്കരണം, ശുചിത്വ മേഖലകൾക്ക് 87ലക്ഷം

സമ്പൂർണ്ണ കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ 7 കോടി

സഞ്ചരിക്കുന്ന ആശുപത്രി 80 ലക്ഷം രൂപ