തൃശൂർ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ജില്ലയിൽ 17,827 പേർ നിരീക്ഷണത്തിൽ. പുതിയ പോസിറ്റീവ് കേസുകൾ ഇല്ല. വീടുകളിൽ 17,785 പേരും ആശുപത്രികളിൽ 42 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴ് പേർ ആശുപത്രി വിട്ടു.
2,863 പേർ വീടുകളിൽ പുതുതായി നിരീക്ഷണത്തിലാണ്. 153 പേർ നിരീക്ഷണകാലം പൂർത്തിയാക്കി. ഇന്നലെ ലഭിച്ച 31 പരിശോധനാ ഫലങ്ങളിൽ മുഴുവനും നെഗറ്റീവാണ്. 18 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ 667 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 617 സാമ്പിളുകളുടെ ഫലം ലഭിച്ചു. 50 പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കാനുണ്ട്. ജില്ലാ കൺട്രോൾ സെല്ലിലേക്ക് 479 അന്വേഷണം ലഭിച്ചു. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിംഗ് തുടരുകയാണ്. ശക്തൻ പച്ചക്കറി മാർക്കറ്റിൽ എത്തുന്ന ലോറി ഡ്രൈവർമാർക്കും തൊഴിലാളികൾക്കും സ്‌ക്രീനിംഗും ബോധവത്കരണവും നടത്തി. 4,512 പേരെയാണ് സ്‌ക്രീൻ ചെയ്തത്. നാട്ടിലേക്ക് പോകാനായി വയനാട്ടിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത ആറ് ജർമൻകാരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ ഹോട്ടൽ ഗരുഡ ഇന്റർനാഷണൽ സ്വമേധയാ സന്നദ്ധമായി. ലാലൂർ, അടാട്ട്, മാടക്കത്തറ, മുണ്ടൂർ, ശോഭ സിറ്റി എന്നിവിടങ്ങളിൽ അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കി.