തൃശൂർ: ചരക്ക് നീക്കം സുഗമമാക്കുവാൻ നടപടി സ്വീകരിക്കാൻ മൊത്തവ്യാപാരികളുടെ യോഗത്തിൽ തീരുമാനം. ഭക്ഷ്യധാന്യങ്ങളെടുക്കാൻ ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ലോറികളും മറ്റ് വാഹനങ്ങളും അണുവിമുക്തമാക്കാനും വാഹനങ്ങളിലെ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഭക്ഷ്യധാന്യങ്ങളുടെ വിലനിയന്ത്രിക്കാനും ചരക്ക് നീക്കം സുഗമമാകുന്നതിനുമായി മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന മൊത്തവ്യാപാരികളുടെ യോഗത്തിലാണ് ഈ തീരുമാനം.അവശ്യസാധനങ്ങൾക്ക്‌ ന്യായവില മാത്രമേ ഈടാക്കാവൂ എന്നും അമിതലാഭവും അമിതവിലയും ഈടാക്കരുതെന്നും മന്ത്രി എ. സി മൊയ്തീൻ കച്ചവടക്കാരോട് നിർദ്ദേശിച്ചു. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ജില്ലാ ഭരണകൂടവും സർക്കാരും സ്വീകരിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. യോഗത്തിൽ മൊത്ത വ്യാപാരികൾക്ക് പുറമേ സിറ്റി പോലിസ് കമ്മിഷണർ ആർ. ആദിത്യ പങ്കെടുത്തു.