kudivallavedaranam
ശാസ്താംപൂവം ആദിവാസി കോളനിയില്‍ വനപാലകര്‍ കുടിവെള്ളം എത്തിച്ചപ്പോള്‍

പുതുക്കാട്: അഞ്ച് ദിവസമായി കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടിലായ ശാസ്താംപൂവം ആദിവാസി കോളനിയിൽ വനപാലകർ കുടിവെള്ളം എത്തിച്ചു. കൊച്ചിൻ മലബാർ കമ്പനി വിട്ടു നൽകിയ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് കോളനിയിലെ വാട്ടർ ടാങ്കിലേക്ക് പമ്പ് ചെയ്ത് കയറ്റിയായിരുന്നു ജലവിതരണം. കോളനിയിൽ 60 വീട്ടുകാരാണ് താമസിക്കുന്നത്.

ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർമാരായ വിജിൻ ദേവ്, പ്രേം ഷമീർ, ടി.എസ്. മാത്യു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളം എത്തിച്ചത്. പതിനായിരം ലിറ്റർ വെള്ളമാണ് ഇന്നലെ എത്തിച്ചത്. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിച്ചത്. കോളനിയിൽ വെള്ളം പമ്പ് ചെയ്തിരുന്ന കിണറ്റിൽ ആവശ്യത്തിന് വെള്ളം ഇല്ലാതായതോടെയാണ് വനവാസികൾ ദുരിതത്തിലായത്.