തൃശൂർ: ജില്ലയിലെ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബഡ്ജറ്റ്. കർഷകർക്ക് ഉത്പാദന വരുമാന വർദ്ധനവിന് അനുഗുണമാകുന്ന പുതിയ പദ്ധതികൾക്കായി 15 കോടി രൂപ വകയിരുത്തിയാണ് വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് അവതരിപ്പിച്ച ബഡ്ജറ്റിൽ 120.99 കോടി രൂപ വരവും 119.86 കോടി രൂപ ചെലവും 1.14 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.

കോൾ മേഖലയിൽ പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച മോട്ടോർ, പമ്പുസൈറ്റുകൾ എന്നിവയ്ക്ക് പകരം വെർട്ടിക്കൽ, ആക്‌സിയൽ ഫ്‌ളോ, പമ്പ് തുടങ്ങിയ ആധുനികവും അധിക ശേഷിയുള്ളതുമായ പമ്പ് സെറ്റുകൾ വിതരണം ചെയ്യുന്ന തുടർ പദ്ധതിക്കായി 1 കോടി രൂപ വകയിരുത്തി. നെൽക്കർഷകർക്ക് സമാശ്വാസമാകുന്ന കൂലി ചെലവിന് സബ്‌സിഡി നൽകുന്നതിനായി 1.75 കോടി, വിവിധ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്കായി 1.5 കോടി, ജൈവ പച്ചക്കറിക്കൃഷി വ്യാപിക്കുന്ന ജീവന പദ്ധതിക്കായി 10 ലക്ഷം, ഇനി ഞാൻ ഒഴുകട്ടെ പദ്ധതിക്കായി 1 കോടി, ബ്ലു ആർമി പ്രവർത്തനങ്ങൾക്കായി 20 ലക്ഷം എന്നിങ്ങനെ നീക്കിവച്ചു.

കോവിഡ് 19 വ്യാപന സാഹചര്യത്തിൽ പകർച്ചവ്യാധി നിയന്ത്രണത്തിനായി 50 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണ മേഖലയിൽ കാലികളുടെ വന്ധ്യതാ നിവാരണത്തിനായി 25 ലക്ഷം, ക്ഷീരകർഷകർക്ക് പാലിന് സബ്‌സിഡി നൽകാൻ 1.5 കോടി, മുറ്റത്തൊരു മീൻതോട്ടം പദ്ധതിക്കായി 15 ലക്ഷം, മത്സ്യകർഷകരുടെയും ഉൾനാടൻ മത്സ്യതൊഴിലാളികളുടെയും മത്സ്യം വിപണന ലളിതമാക്കാൻ ലൈവ് ഫിഷ് മാർക്കറ്റ് ശൃംഖലയ്ക്കായി 25 ലക്ഷം എന്നിവയും ബഡ്ജറ്റിൽ വകയിരുത്തി.

*വിദ്യാഭ്യാസരംഗത്ത് ക്ലാസ് മുറികൾ ഹൈടെക്ക് ആക്കാൻ 5 കോടി

* ഫർണിച്ചറുകൾക്ക് 50 ലക്ഷം

* ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ 70 ലക്ഷം

* ആയുർവേദ ആശുപത്രിയിലും ഗ്രാമീണ ആയുർവേദ ഡിസ്‌പെൻസറികളിലും ചികിത്സാ സൗകര്യം ഒരുക്കുന്നതിന് 35 ലക്ഷം

*ജില്ലാ ഹോമിയോ ആശുപത്രിയുടെ നവീകരണത്തിനായി 35 ലക്ഷം

*കാൻസർ ചികിത്സയ്ക്കായി തുടങ്ങിയ കാൻ തൃശൂർ പദ്ധതിയുടെ രണ്ടാംഘട്ടം പ്രവർത്തനങ്ങൾക്കായി 1.5 കോടി

*വിശപ്പുരഹിത പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം ലഭ്യമാക്കാൻ 10 ലക്ഷം